Thursday, April 18, 2024
spot_img

സുരക്ഷാ പ്രശ്നം; ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ശ്രീനഗർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷ പ്രശ്നങ്ങളെത്തുടർന്നാണ് യാത്ര നിർത്തി വയ്‌ക്കേണ്ടി വന്നത്. ജോഡോ യാത്ര, ഇന്ന് 11 കിലോമീറ്റർ താണ്ടും എന്നാണ് കരുതിയിരുന്നത് എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ യാത്ര നിർത്തേണ്ടി വന്നു

ശ്രീനഗറിലേക്കുള്ള യാത്രാ മദ്ധ്യേ ബനിഹാൽ തുരങ്കം കഴിഞ്ഞതിനു തൊട്ടു പിന്നാലെ വൻ ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാൻ മതിയായ സുരക്ഷ ഉദ്യോഗസ്ഥരില്ലാത്തിരുന്നതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

ജനക്കൂട്ടത്തെ തുടർന്ന് 30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ല. തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ യാത്രയിൽ പങ്കു ചേർന്നിരുന്നു. ഭാരത് ജോഡോ യാത്ര നിർത്തേണ്ടി വന്നത് വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനാലാണ് എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. താൽക്കാലികമായി നിർത്തിയെങ്കിലും യാത്രയുമായി മുന്നോട്ടുപോകുമെന്നും രാഹുൽ പറഞ്ഞു.

Related Articles

Latest Articles