Wednesday, October 14, 2026

നാണംകെട്ട തകർച്ച; കളി തീരും മുൻപേ സ്റ്റേഡിയം വിട്ട് പാക് ക്രിക്കറ്റ് ബോർഡ് മേധാവി

​കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതിന് പിന്നാലെ, കളി അവസാനിക്കുന്നതിന് മുൻപേ സ്റ്റേഡിയം വിട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മോഹ്സിൻ നഖ്‌വി. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ടതോടെയാണ് നഖ്‌വി ഗാലറി ഒഴിഞ്ഞത്. സ്വന്തം ടീമിന്റെ ബാറ്റിംഗ് തകർച്ച കണ്ട് ക്ഷമ നശിച്ച അദ്ദേഹം, മത്സരത്തിന്റെ അവസാന ഓവറുകൾക്ക് കാത്തുനിൽക്കാതെ സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നുപോയി കാറിൽ കയറുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
​ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ,ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 175/7 എന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും 114 റൺസിന് പാക് നിര കൂടാരം ഒഴിഞ്ഞതോടെ 61 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീമിന്റെ ദയനീയ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ചെയർമാൻ തന്നെ പാതിവഴിയിൽ സ്റ്റേഡിയം വിട്ടത് പാക് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ തോൽവിയോടെ പാകിസ്ഥാന്റെ ലോകകപ്പ് യാത്ര കടുത്ത പ്രതിസന്ധിയിലാവുകയും ഇന്ത്യ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

Related Articles

Latest Articles