Tuesday, May 7, 2024
spot_img

ഷോയിബ് അക്തറിനെതിരെ 750 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി പാകിസ്താൻ ടിവി; കാരണം ഹർഭജൻ സിംഗ്

മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷോയിബ് അക്തറിനെതിരെ 750 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി പാകിസ്താൻ ടിവി. പിടിവിക്ക് മാനനഷ്ടം വരുത്തിയതിന് 100 മില്യൺ പാകിസ്ഥാനി രൂപയുടെ മാനനഷ്ട നോട്ടീസ്, ചാനൽ താരത്തിന് അയച്ചതായാണ് റിപ്പോർട്ട്.

“കരാർ വ്യവസ്ഥയിലെ 22ാ൦ ഉടമ്പടി പ്രകാരം, മൂന്ന് മാസ കാലാവധിയുള്ള രേഖാമൂലമുള്ള അറിയിപ്പിലൂടെയോ അതിനുപകരമായി പണം നൽകിയോ കരാർ റദ്ദാക്കാൻ ഇരു കൂട്ടർക്കും അർഹതയുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെ ഒക്‌ടോബർ 26-ന് ഷോയിബ് അക്തർ രാജിവെച്ചത് പിടിവിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി,” ദേശീയ ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. “ടി20 ലോകകപ്പ് (T20 World Cup) സംപ്രേക്ഷണത്തിനിടെ അക്തർ പിടിവിയുടെ മാനേജ്‌മെന്റിനെ അറിയിക്കാതെ ദുബായ് വിടുകയും ചെയ്തതിന് പുറമെ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനൊപ്പം ഒരു ഇന്ത്യൻ ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടതും പി‌ടി‌വിക്ക് നികത്താനാവാത്ത നഷ്ടമുണ്ടാക്കി,” നോട്ടീസിൽ കൂട്ടിച്ചേർത്തു.

പാകിസ്താന്റെ ലോകകപ്പ് വിജയം ചർച്ച ചെയ്ത പാക് ടിവി ചാനൽ പിടിവി സ്പോർട്സിന്റെ തത്സമയ പരിപാടിയിൽ നിന്നുമാണ് അക്തർ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയതിന് പിന്നാലെ തന്നെ താരം ചാനലിന്റെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചു. വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്, മുൻ ഇംഗ്ലീഷ് താരമായ ഡേവിഡ് ഗോവർ, പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ സന മിർ, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ് തുടങ്ങിയവർ അക്തറിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles