Friday, April 26, 2024
spot_img

ശ്രീധരന്‍ ചതിയൻ, കൂടെനിന്ന് ചതിച്ചു;
പിണറായി വിജയൻ ശ്രീധരനെ വിലയ്‌ക്കെടുത്തു:
കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ്‌

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ രംഗത്തു വന്നു. സി.കെ.ശ്രീധരന്റേത് നീചമായ നീക്കമാണെന്നും ശ്രീധരന്‍ കൂടെനിന്ന് ചതിക്കുകയായിരുന്നുവെന്നും സത്യനാരായണന്‍ ആരോപിച്ചു. സി.കെ.ശ്രീധരന്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും. ഗൂഢാലോചന കണ്ടെത്താന്‍ ശ്രീധരനെതിരെ കോടതിയില്‍ പോകുമെന്നും ശ്രീധരനെ പിണറായി വിജയന്‍ വിലയ്ക്ക് വാങ്ങിയതാണെന്നും സത്യനാരായണന്‍ ആരോപിച്ചു.

ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ 9 പേര്‍ക്കായി ശ്രീധരന്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സിബിഐ കോടതിയില്‍ ഹാജരായത്. മുന്‍ കെപിസിസി വൈസ് പ്രസിഡന്റായ സി.കെ.ശ്രീധരന്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് സിപിഎം അല്ല തന്നെ ഏല്‍പ്പിച്ചതെന്ന് അഡ്വ. സി.കെ.ശ്രീധരന്‍ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്നും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസ് ഫയല്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഫെബ്രുവരി 17നു രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു കുറ്റപത്രം

Related Articles

Latest Articles