Thursday, May 9, 2024
spot_img

ഷവർമ കഴിച്ച് വിദ്യാർഥിനിയുടെ മരണം: സംസ്ഥാനത്ത് വർഷം മുഴുവൻ പരിശോധന വേണമെന്ന് ഹൈക്കോടതി; നേരത്തെ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു

കൊച്ചി: വര്‍ഷം മുഴുവന്‍ ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നു ഹൈക്കോടതി ഉത്തരവ്. കാസര്‍കോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ മൂലം കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും ഇതിനായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം നാലു ദിവസമായി നടത്തി വരുന്ന പരിശോധനകള്‍ സര്‍ക്കാര്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നു നിരീക്ഷിച്ച കോടതി, നിലവില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ തൃപ്തികരമാണെന്നും കോടതി വിലയിരുത്തി.

അതേസമയം ദേവനന്ദയുടെ മരണശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനകളില്‍ 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തു നശിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുട്ടിയുടെ മരണത്തിനു കാരണമായ കടയുടെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നതാണെന്നും സർക്കാര്‍ വിശദീകരിച്ചു. മാത്രമല്ല സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ ഭക്ഷ്യശാലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്.

Related Articles

Latest Articles