Saturday, April 27, 2024
spot_img

സൗരക്കാറ്റ് ഇന്ന് ഭൂമിയിലേക്ക്; മുന്നറിയിപ്പുമായി യു എസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം

ഇന്ന് ഭൂമിയില്‍ ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള യുഎസ് ഏജന്‍സിയായ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.

സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷനെ തുടര്‍ന്നാണ് കാറ്റ് ഭൂമിയിലേക്ക് വരുന്നത്. സൂര്യനും ഭൂമിക്കും ഇടയിലുള്ള ഭാ​ഗം കടന്നുവരാന്‍ കാറ്റിന് രണ്ട് ദിവസത്തിലധികം വേണ്ടിവരുമെന്നും ഇന്ന് ഭൂമിയില്‍ പ്രവേശിക്കുമെന്നുമാണ് വിലയിരുത്തല്‍.

സൂര്യനിലുണ്ടായ സ്ഫോടനം പ്ലാസ്മയുടെ ഒരു വലിയ സുനാമി സൃഷ്ടിക്കുകയും അത് സോളാര്‍ ഡിസ്കിലുടനീളം അലയടിച്ചു 1,00,000 കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിക്കുകയും സൂര്യന്റെ അന്തരീക്ഷത്തിലൂടെ സെക്കന്‍ഡില്‍ 700 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്തു. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ച്‌ പഠിക്കുന്ന കൊറോണഗ്രാഫുകള്‍, സിഎംഇകള്‍ സൂര്യനില്‍ നിന്ന് സെക്കന്‍ഡില്‍ 1,260 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പായുന്നതായി രേഖപ്പെടുത്തി. ഈ കണങ്ങള്‍ ഭൂമിയിലേക്ക് ത്വരിതഗതിയില്‍ സഞ്ചരിക്കുകയാണ്.

ഏറ്റവും തീവ്രമായ ഫ്‌ളെയറുകളായി തരംതിരിച്ചിട്ടുള്ളവയാണ് എക്‌സ്-ക്ലാസ് ഫ്‌ളെയറുകള്‍. എക്‌സ് 2 ഫ്‌ളെയറുകള്‍ക്ക് എക്‌സ് 1ന്റെ ഇരട്ടി തീവ്രതയാണെന്നും എക്‌സ് 3 മൂന്ന് മടങ്ങ് തീവ്രതയുള്ളതാണെന്നുമാണ് നാസ പറയുന്നത്. X10 അല്ലെങ്കില്‍ അതിലും ശക്തമായ ജ്വലനങ്ങള്‍ക്ക് അസാധാരണമാംവിധം തീവ്രമായി കണക്കാക്കപ്പെടുന്നു.

ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ പരിതസ്ഥിതിയിലേക്ക് വളരെ കാര്യക്ഷമമായ ഊര്‍ജ്ജ കൈമാറ്റം നടക്കുമ്ബോള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഭൂകാന്തിക കൊടുങ്കാറ്റ്. ഇതിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റുകള്‍ സോളാര്‍ കൊറോണല്‍ മാസ് എജക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

Related Articles

Latest Articles