Sunday, May 5, 2024
spot_img

സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.25 കോടിയുടെ സ്വർണ്ണം; കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികള്‍ കുടുങ്ങി; പിടിയിലായത് മലപ്പുറം സ്വദേശികളായ അമീര്‍ മോനും സ്ഫനയും

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമം. ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. പരിശോധനിയിൽ സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് യുവതിയിൽ നിന്നും കണ്ടെത്തിയത്. അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയാണ് അമീര്‍മോന്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Latest Articles