Tuesday, May 7, 2024
spot_img

ഇമ്രാന്‍ ഖാന്റെ വസതിയില്‍ ഭീകരര്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്; കൈമാറാന്‍ 24 മണിക്കൂര്‍ നല്‍കി; ഇമ്രാന്റെ വസതി പോലീസ് വളഞ്ഞു; ഏറ്റുമുട്ടലിന് സാദ്ധ്യത

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലാഹോറിലെ വീട്ടിൽ മുപ്പതിനും നാല്പതിനും ഇടയിൽ എണ്ണം വരുന്ന തീവ്രവാദികളുടെ സംഘം അഭയം തേടിയതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനിലെ ഇടക്കാല പഞ്ചാബ് സര്‍ക്കാര്‍ ഭീകരവാദികളെ പൊലീസിന് കൈമാറാന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. ലാഹോറിലെ സമാന്‍ പാര്‍ക്കിലുള്ള ഇമ്രാന്‍ ഖാന്റെ വസതിയില്‍ ഭീകരര്‍ അഭയം പ്രാപിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ ഇമ്രാന്റെ വീടിനെ പോലീസുകാർ ചുറ്റി വളഞ്ഞു എന്നാണ് വിവരം. പോലീസ് വീട്ടിലേക്ക് ഇരച്ച് കയറിയാൽ ഏറ്റുമുട്ടലുണ്ടാകുമെന്നാണ് കരുതുന്നത്

ഭീകരരെ കൈമാറണമെന്നും അല്ലെങ്കിൽ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആമിര്‍ മിര്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ ഭീകരർ അഭയം തേടിയതായി ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആമിര്‍ മിര്‍ വ്യക്തമാക്കി.

ഇമ്രാന്‍ ഖാന്‍ തീവ്രവാദികൾക്ക് സൗകര്യമൊരുക്കി നല്‍കിയതായും സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് മുന്നോടിയായി പി.ടിഐ ആക്രമണം ആസൂത്രണം ചെയ്യുന്നതായി മന്ത്രി ആരോപിച്ചു.

Related Articles

Latest Articles