Friday, May 10, 2024
spot_img

എം എസ് സ്വാമിനാഥൻ അന്തരിച്ചു; വിട വാങ്ങിയത് ഹരിതവിപ്ലവത്തിന്റെ പിതാവ്

ചെന്നൈ: ഹരിതവിപ്ലവത്തിന്റെ ആചാര്യന്‍, എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. 1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി.

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. 1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

Related Articles

Latest Articles