Thursday, May 2, 2024
spot_img

സ്‌കാനിംഗ് സെന്ററിൽ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവം; റേഡിയോഗ്രാഫറുടെ ഫോണിൽ നിരവധി യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തി

പത്തനംതിട്ട : സ്‌കാനിംഗ് സെന്ററിൽ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പ്രതിയുടെ
ഫോണിൽ നിരവധി യുവതികളുടെ ചിത്രങ്ങൾ ഉള്ളതായി കണ്ടെത്തി.കൊല്ലം ചിതറ മടത്തറ നിധീഷ് ഭവനിൽ എ.എൻ.അൻജിത്ത് (24) ആണ് സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതിന് അറസ്റ്റിലായത്.
ഇയാൾ ഇതിനുമുൻപും ഇത്തരത്തിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. 22 ഓളം ചിത്രങ്ങളാണ് ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്.

മുൻപ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. യുവതിയുടെ സമയോചിത ഇടപെടലാണ് പ്രതിയെ കുടുക്കിയത്. അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തെ സ്‌കാനിംഗ് സെന്ററിൽ കാലിന്റെ എംആർഐ സ്‌കാൻ എടുക്കാനെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.

മുറിയിലെ അലമാരയ്‌ക്കുള്ളിൽ അടുക്കിവെച്ച തുണികൾക്കിടയിലായിരുന്നു ക്യാമറ ഓണാക്കി വെച്ചിരുന്നത്. വസ്ത്രം മാറുന്നതിനിടെ സംശയം തോന്നിയ യുവതി മുറി പരിശോധിച്ചപ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ കണ്ടെത്തി. അപ്പോൾ തന്നെ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കിയ ശേഷം ഇക്കാര്യം നഗരസഭാ അദ്ധ്യക്ഷനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കാനാണ് പോലീസിന്റെ നീക്കം.

Related Articles

Latest Articles