Monday, April 29, 2024
spot_img

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും; ഇന്ന് വൈകിട്ട് അഞ്ചിന് സഹസ്രകലശപൂജകൾ ആരംഭിക്കും; ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27ന് നട വീണ്ടും തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് സഹസ്രകലശപൂജകൾ ആരംഭിക്കും. ചൈതന്യം നിറഞ്ഞ സഹസ്രകലശങ്ങൾ നാളെ ഉച്ചയ്‌ക്ക് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി പത്ത് മണിയ്‌ക്കാണ് നട അടയ്‌ക്കുന്നത്.

25 കലശം, പടിപൂജ, ഉദയാസ്തമയപൂജ എന്നിവ കഴിഞ്ഞ ദിവസം നടന്നിരുന്നു. തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ച ബ്രഹ്‌മകലശം ആഘോഷമായാണ് ശ്രീകോവിലിൽ എത്തിച്ചത്. ദീപാരാധനയ്‌ക്ക് ശേഷമായിരുന്നു പടിപൂജ നടന്നത്. ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനായുള്ള വിശേഷാൽ ലക്ഷാർച്ചനയാണ് നടന്നത്. ഉഷപൂജയ്‌ക്ക് ശേഷമായിരുന്നു ബ്രഹ്‌മകലശം നടന്നത്. 25 ശാന്തിക്കാർ കലശത്തിന് സമീപമിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു.

ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27 ന് ആണ് ശബരിമല നട വീണ്ടും തുറക്കുക. ശേഷം 31ന് നട അടയ്ക്കും. ഓണം നാളുകളിൽ ശബരിമലയിലെത്തുന്ന ഭക്തർക്കായി ഓണസദ്യയും ഒരുക്കുന്നുണ്ട്. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടാകും.

Related Articles

Latest Articles