Sunday, May 26, 2024
spot_img

ഷെൻഹുവ15 യിൽ നിന്ന് രണ്ടാമത്തെ ക്രെയിൻ ഇന്നലെയും ഇറക്കാനായില്ല ! ഇന്ന് മുതൽ വൈകുന്ന ഓരോ ദിനവും ചൈനീസ് കമ്പനിക്ക് പിഴയായി നൽകേണ്ടത് 29 ലക്ഷത്തോളം രൂപ ; മുഖ്യമന്ത്രിയുടെ നാടറിയിച്ചുള്ള ഔദ്യോഗിക സ്വീകരണ പരിപാടിക്കായി കാത്തിരുന്ന് പാഴാക്കിയത് നിർണ്ണായക ദിനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ ക്രെയിനുമായി വന്ന ഷെൻഹുവ15 എന്ന ചൈനീസ് കപ്പലിൽ നിന്ന് രണ്ടാമത്തെ ക്രെയിൻ ഇന്നലെ വൈകിയും ബെർത്തിൽ ഇറക്കാനായില്ല. ഇന്നലെ രാവിലെയും വൈകുന്നേരവുമായി രണ്ടു ശ്രമങ്ങൾ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ക്രെയിൻ ഇറക്കുന്നത് ഇന്നത്തേക്കു മാറ്റി. കൊണ്ടുവന്ന ഒരു ക്രെയിൻ വെള്ളിയാഴ്ച ഇറക്കിയിരുന്നു. ക്രെയിൻ ഇറക്കുന്ന പ്രവർത്തികൾ വൈകുന്നത് കോടികളുടെ നഷ്ടമാകും ഖജനാവിന് വരുത്തി വയ്ക്കുക.

ഗുജറാത്തിലെ മുന്ദ്രയിലും വിഴിഞ്ഞത്തും ക്രെയിനുകൾ ഇറക്കി ഒക്ടോബർ 21ന് കപ്പൽ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു ചൈനീസ് കമ്പനിയുമായുള്ള ധാരണ. വൈകുന്ന ഓരോ ദിവസവും 25000 ഡോളർ അതായത് ഏതാണ്ട് ഇരുപത് ലക്ഷത്തി എൺപതിനായിരം രൂപ ചൈനീസ് കമ്പനിക്ക് പിഴയായി അടയ്ക്കണം. അതായത് ഇന്ന് മുതൽ പിഴ ചൈനീസ് കമ്പനിക്ക് നൽകണമെന്ന് സാരം. കാലാവസ്ഥ ഇന്നും അനുകൂലമായിരിക്കില്ല എന്നാണ് കരുതുന്നത്. ക്രെയിനുകൾ ഇറക്കുന്നിടത്തോളം ദിവസം കപ്പലിന് വിഴിഞ്ഞത്ത് തുടരേണ്ടിയും സർക്കാരിന് പിഴ അടയ്‌ക്കേണ്ടിയും വരും. 30 മീറ്റർ ഉയരമുള്ള ഷോർ ക്രെയിനുകളിൽ ഒരെണ്ണമാണ് വെള്ളിയാഴ്ച ഇറക്കിയത്. ഇവയ്‌ക്കൊപ്പമുള്ള 100 മീറ്റർ ഉയരമുള്ള വലിയ ക്രെയിനും മറ്റൊരു ഷോർ ക്രെയിനും ഇനി ഇറക്കണം. ക്രെയിനുകൾ ഇറക്കിയശേഷം കപ്പൽ 25-ഓടെ മടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഒരു ക്രെയിൻ ബെർത്തിൽ ഇറക്കിയാൽ അടുത്ത ദിവസവും അതിൽ തുടർ ജോലികളുണ്ടാകും. അത് പൂർത്തീകരിച്ചാൽ മാത്രമേ അടുത്തത് ഇറക്കാൻ സാധിക്കൂ. കപ്പൽ എത്തിയപ്പോൾ തന്നെ ഇറക്കിയിരുന്നുവെങ്കിൽ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ ക്രെയിനുകൾ ഇറക്കി കപ്പലിന് മടങ്ങാമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നാടറിയിച്ചുള്ള ഔദ്യോഗിക സ്വീകരണ പരിപാടിക്കായി എല്ലാം വൈകിപ്പിച്ചുവെന്നാണ് ആക്ഷേപം. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ മുൻധാരണകളെല്ലാം പൊളിഞ്ഞു. ബെർത്തിന് സമീപം അര മീറ്ററോളം ഉയരത്തിൽ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് ക്രെയിൻ ഇറക്കൽ ജോലിക്ക് തടസ്സം നേരിടാൻ കാരണമായത്. ക്രെയിൻ ഇറക്കാൻ സാങ്കേതിക സഹായം നൽകേണ്ട ചൈനീസ് വിദഗ്ധരുടെ എമിഗ്രേഷൻ പ്രശ്‌നം പരിഹരിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി തുടരുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ക്രെയിൻ ഇറക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചത്. ആറര മണിക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ ഒമ്പതരയോടെ ക്രെയിൻ ബർത്തിലെത്തിച്ചു.100 മീറ്റർ ഉയരമുള്ള വലിയ ക്രെയിൻ ഇറക്കുന്നതിനു കൂടുതൽ സാങ്കേതിക സുരക്ഷ ആവശ്യമാണ്. കാലാവസ്ഥ അനുകൂലമായാലെ ഇതു സുരക്ഷിതമായി ബർത്തിലെത്തിക്കാനാവൂ.

Related Articles

Latest Articles