Tuesday, May 7, 2024
spot_img

സൂര്യപ്രഭയിൽ ഭാരതം ! ആദിത്യ എൽ 1 പേടകത്തിലെ രണ്ടാമത്തെ ഉപകരണവും പ്രവർത്തനം തുടങ്ങിയതായി ഐഎസ്ആർഒ

തിരുവനന്തപുരം: ഭാരതത്തിന്റെ സൗരദൗത്യ പേടകമായ ആദിത്യ എൽ 1 ലെ രണ്ടാമത്തെ ഉപകരണവും പ്രവർത്തനം ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. പേടകത്തിലെ സോളാർ വിൻഡ് അയോൺ സ്‌പെക്ട്രോമീറ്റർ – സ്വിസ് – ആണ് പ്രവർത്തനം തുടങ്ങിയത്. പ്രധാന പഠനോപകരണമായ സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലെസ്‌കോപ് കഴിഞ്ഞ മാസം പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഏഴ് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. വരും ദിവസങ്ങളിൽ ബാക്കി അഞ്ച് ഉപകരണങ്ങളും പ്രവർത്തനക്ഷമാകും. ഇതോടെ സൂര്യന്റെ സമഗ്ര ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് വൺ പോയന്റാണ് പേടകത്തിന്റെ ലക്ഷ്യസ്ഥാനം.15 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. അതിന്റെ ഒരു ശതമാനം മാത്രം അകലെയാണ് എൽ1.ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം തുല്യമായ നാല് ബിന്ദുക്കളിൽ ഒന്നാണ് ഇത്. ആകാശ ഗോളങ്ങളുടെ നിഴൽ വീഴാത്ത ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ നിരീക്ഷിക്കാം

സൗരവാതത്തിലെ പ്രോട്ടോണുകളെയും ആൽഫാ പാർട്ടിക്കിളുകളെയുമാണ് സ്വിസ് പഠിക്കുന്നത്. ഇതിനായി 360 ഡിഗ്രിയിൽ വിവരങ്ങൾ ശേഖരിക്കുന്ന രണ്ട് സെൻസറുകളുണ്ട്. പരസ്പരം ലംബമായ പ്രതലങ്ങളിലാണ് പ്രവർത്തനം. ഒരു സെൻസർ ശേഖരിച്ച രണ്ട് ദിവസത്തെ വിവരങ്ങൾ ഗ്രാഫിക്കലായി ചിത്രീകരിച്ച ഹിസ്റ്റോഗ്രാമും ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. വിവരങ്ങൾ വിശകലനം ചെയ്യുന്നതോടെ സൗരവാതത്തെ കുറിച്ചും അത് ഭൂമിയെ എങ്ങനെ ബാധിക്കുമെന്നും അറിയാനാവും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ആദിത്യയുടെ കാലാവധി.സെപ്തംബർ രണ്ടിന് വിക്ഷേപിച്ച പേടകം അടുത്ത മാസം ഏഴിന് ലഗ്രാഞ്ച് 1ൽ എത്തും.

Related Articles

Latest Articles