Monday, May 6, 2024
spot_img

സ്പീക്കർ പരാമർശം പിൻവലിക്കണം, മാപ്പ് പറയണം; ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് നിയമസഭയിലേക്ക് യുവമോർച്ചാ മാർച്ച്

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് സ്പീക്കർ എ.എൻ ഷംസീറിന്റെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. വിഷയത്തിൽ നിയമസഭയ്‌ക്ക് ഉള്ളിലും കോൺഗ്രസ് പ്രതിഷേധം അറിയിക്കും. വരും ദിവസങ്ങളിൽ സഭയ്‌ക്ക് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹിന്ദു സംഘടനകളുടേയും ബിജെപിയുടെയും തീരുമാനം.

സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ഇപ്പോഴും ആളിക്കത്തുകയാണ്. നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ച സാഹചര്യത്തിൽ സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നത്. സ്പീക്കർ ഷംസീർ വിശ്വാസി സമൂഹത്തോട് മാപ്പു പറഞ്ഞ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് ഇന്ന് യുവമോർച്ച മാർച്ച് നടത്തും. രാവിലെ 11 മണിക്കാണ് മാർച്ച്. ഹിന്ദു വിരുദ്ധ പരാമർശം പിൻവലിക്കാൻ സ്പീക്കർ ഇപ്പോഴും തയ്യാറാകാത്തതാണ് പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച് നടത്താൻ തീരുമാനിച്ചത്.

വരുംദിവസങ്ങളിൽ വിവിധ ഹിന്ദു സംഘടനകളും ബിജെപിയും സമാന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കും. ദേവസ്വം ബോർഡ് സ്ഥാനത്തേക്കും നിയമസഭയിലേക്കും നാമജപ ഘോഷയാത്ര ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധിക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതും കേസെടുക്കുന്നതും വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ കൂടിയാണ് സഭനടക്കുന്ന ഘട്ടത്തിലെ മാർച്ചുകൾ. 12 ദിവസം മാത്രം സമ്മേളിക്കുന്ന സഭ കാലയളവിൽ ഹിന്ദു വിരുദ്ധ പരാമർശം സഭയ്‌ക്കുള്ളിലും പുറത്തും ആളിക്കത്തും എന്നതിൽ സംശയമില്ല. യുഡിഎഫ് നിലപാട് മയപ്പെടുത്തിയതോടെ കോൺഗ്രസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. അടിയന്തരപ്രമേയമായോ ചോദ്യോത്തരങ്ങളായോ വിഷയം സഭയിൽ എത്താനും സാധ്യതയുണ്ട്. ഹിന്ദുവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതും പ്രതിഷേധം ശക്തമാകാൻ ഇടയാകുകയാണ്.

Related Articles

Latest Articles