Sunday, May 5, 2024
spot_img

കള്ളക്കേസെടുത്തവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു;ആത്മഹത്യാഭീഷണിയുമായി യുവാവ്;കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യം

കാട്ടിറച്ചിയുമായി പിടികൂടിയെന്ന പേരിൽ കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുൻപിലെ മരത്തിൽ കയറിയാണ് സരുൺ സജിയുടെ ആത്മഹത്യാ ഭീഷണി.

2022 സെപ്റ്റംബർ 20ന് ആണ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ കള്ളക്കേസ് എടുത്തത്. 10 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം സരുൺ സജി പുറത്തിറങ്ങിയപ്പോഴാണ് ബസിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന്‌ നാട്ടുകാരോട് പറയുന്നത്. തുടർന്ന് സരുൺ സജി നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഒടുവിൽ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അടക്കം 7 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്‌പെൻഡു ചെയ്യുകയും ചെയ്തു.

അതേസമയം, സരുണിനെ കേസിൽ നിന്നൊഴിവാക്കുന്ന നടപടികൾ പൂർത്തിയാകുന്നതിനു മുൻപ് തന്നെ നടപടി നേരിട്ട 7 വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം വകുപ്പ് തിരിച്ചെടുത്തു. കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാൻ പലതവണ സരുൺ പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങി. എന്നാൽ അധികൃതർ സരുണിന്റെ പരാതി ചെവിക്കൊണ്ടില്ല. ഒടുവിൽ മനുഷ്യാവകാശ-ഗോത്ര വർഗ കമ്മിഷനുകൾ ഇടപെട്ടതോടെയാണ് 2022 ഡിസംബർ 5ന് 13 ഉദ്യോഗസ്ഥർക്ക് എതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ പൊലീസ് തയാറായത്. കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥർക്ക് എതിരെ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് സരുണിന്റെ ആരോപണം.

Related Articles

Latest Articles