Friday, May 17, 2024
spot_img

വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോർട്ട് പുറത്ത്; നടപടി വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്?

തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ള, അഡീഷനൽ പിസിസിഎഫ് റിപ്പോര്ട്ടിന്റെ പകർപ്പ് പുറത്ത്. മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ഇപ്പോൾ സത്യമാകുന്നത്. ഗൗരവമായി നടപടി വേണമെന്ന ശുപാർശ ഉണ്ടായിട്ടും സാജനെതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ സാജനും പ്രതികളും ഒരു മാധ്യമപ്രവർത്തകനും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്.

മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച് റിപ്പോർട്ടിലാണ് എൻടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ സാജൻ കുടുക്കി റിപ്പോർട്ട് നൽകിയന്നാണ് കണ്ടെത്തൽ. മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആൻറോ അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയായിരുന്നു സാജൻറെ നീക്കമെന്നാണ് കണ്ടെത്തൽ.

മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ, രഹസ്യവിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നൽകിയത് പ്രതികൾ തന്നെയായിരുന്നു. ഇരുവരും തമ്മിലെ ഫോൺ സംഭാഷണം തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. സാജനൊപ്പം ഒരു മാധ്യമപ്രവർത്തകനും ഈനീക്കത്തിൽ പങ്കുണ്ടെന്നാണ് രാജേഷ് രവീന്ദ്രൻറെ റിപ്പോർട്ട്. സമീറിനെതിരെ കേസ് കെട്ടിച്ചമച്ചക്കാൻ സാജന്റെ ഓഫീസും മാധ്യമപ്രവർത്തകനെയും പ്രതികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.

ജൂൺ 29നായിരുന്നു രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് നൽകിയത്. വനംവകുപ്പിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് വനംവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. സാജനെ കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ഇതുവരെ ചെയ്തത്. അല്ലാതെ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles