Friday, May 3, 2024
spot_img

പുൽവാമയിൽ രണ്ട് ഭീകരരെ കൂടി വകവരുത്തി സുരക്ഷാ സേന; മൂന്നുവർഷത്തിനിടയിൽ വധിച്ചത് 561 ഭീകരരെ ; കശ്മീരിൽ ഭീകര സംഘടനകൾക്ക് കനത്ത തിരിച്ചടി നൽകി സൈന്യം

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമയിലാണ് (Pulwama) ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി തിരച്ചിൽ നടത്തുകയാണെന്ന് ജമ്മുകശ്മീർ സോൺ പോലീസ് അറിയിച്ചു.ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനും സൈന്യത്തിനും വ്യക്തമായ വിവരം ലഭിച്ചിരുന്നു.

ഇതിനെ തുടർന്ന് പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കസ്ബയാർ പ്രദേശം വളഞ്ഞു. ഭീകരർക്കായി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡർമാരടക്കം അഞ്ച് ഭീകരരെ സേന വധിച്ചിരുന്നു. കൂടാതെ, നവംബർ 20ന് കുൽഗാം ജില്ലയിലെ അഷ്മുജി പ്രദേശത്ത് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.

അതേസമയം ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,033 ഭീകരാക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. 2019 മുതൽ 2021 നവംബർ പകുതി വരെയുള്ള കണക്കാണിത്. 2019ൽ മാത്രം 594 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യസഭയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് സഭയിൽ ഈ വിവരങ്ങൾ സമർപ്പിച്ചത്. 2020ൽ 244 ഭീകരാക്രമണ കേസുകളും, 2021 നവംബർ 15 വരെ 196 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 561 ഭീകരരെ ഈ കാലയളവിനുള്ളിൽ സൈന്യം വധിച്ചു.

2019ൽ 163ഉം, 2020ൽ 232ഉം, 2021 നവംബർ പകുതി വരെ 166 ഭീകരരുമാണ് കൊല്ലപ്പെട്ടത്. നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം തകർത്തിട്ടുണ്ട്. കേന്ദ്ര സായുധ സേനയിലേതുൾപ്പെടെ 177 ഉദ്യോഗസ്ഥർ തീവ്രവാദ വിരുദ്ധ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏതൊക്കെ മേഖലകളിലേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. 2019ൽ 80ഉം 2020ൽ 62ഉം ഈ വർഷം 35ഉം സൈനിക ഉദ്യോഗസ്ഥർക്കാണ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടമായത്. മൂന്ന് വർഷങ്ങളിലായി 110 സാധാരണക്കാർക്കും ഭീകരരുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായി.

Related Articles

Latest Articles