Sunday, May 5, 2024
spot_img

ജമ്മുകശ്മീര്‍ ഹൈവേയില്‍ അജ്ഞാത ബോക്‌സ്, പരിശോധനയിൽ ഐഇഡി സ്ഥാപിച്ച പെട്ടിയെന്ന് കണ്ടെത്തൽ; ഭീകരര്‍ ലക്ഷ്യമിട്ടത് വന്‍ സ്‌ഫോടനത്തിനെന്ന് സൈന്യം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മൂകശ്മീരിലെ കിഷ്ത്വാര്‍ ഹൈവേയ്‌ക്ക് സമീപം സംശയാസ്പദമായ ഒരു ബോക്സ് കണ്ടെത്തി. പരിശോധനയിൽ രണ്ട് കിലോഗ്രാം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) സ്ഥാപിച്ച പെട്ടിയാണെന്ന് കണ്ടെത്തി. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് വിദഗ്ധരെത്തി ഇത് നിര്‍വീര്യമാക്കി. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയാണ് ഹൈവേക്ക് സമീപം ഒളിപ്പിച്ച നിലയില്‍ പെട്ടി കണ്ടെത്തിയത്. സൈന്യത്തെ അടക്കം ലക്ഷ്യമിട്ടാണ് സ്‌ഫോടനത്തിന് കളമൊരുക്കിയതെന്നാണ് സൂചന.

ഉടനെ കിഷ്ത്വാര്‍-ബട്ടോട്ടെ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തി ബോംബ് സ്‌ക്വാഡിനെ എത്തിച്ച് ഇത് നിര്‍വീര്യമാക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വന്‍ അട്ടിമറിയാണ് ലക്ഷ്യമിട്ടിരുന്നതായാണ് സൂചന.

ഈ മാസം ആദ്യം രാജൗരി പ്രദേശത്തും സമാനമായ രീതിയില്‍ ഒരു സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്ന ഭീകരവാദികളുടെ നീക്കം സൈന്യം തടഞ്ഞിരുന്നു. റോഡരികില്‍ നിന്ന് ഐഇഡി സ്ഥാപിച്ച ഒരു ചോറ്റുപാത്രം സൈന്യം കണ്ടെത്തിയിരുന്നു. തലനാരിഴയ്‌ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ജമ്മു-പൂഞ്ച് ദേശീയ പാതയില്‍ സംഗ്പൂര്‍ ഗ്രാമത്തിന് സമീപമായിരുന്നു ഇത്. രണ്ടു മാസം മുന്‍പ് രണ്ടര കിലോ ഭാരമുള്ള ഐഇഡി ബോക്‌സ് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ സൈന്യം കണ്ടെത്തിയിരുന്നു.

Related Articles

Latest Articles