Wednesday, May 29, 2024
spot_img

ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ ഒടിടി റിലീസ് ആമസോണ്‍ പ്രൈമില്‍; സ്ട്രീമിങ് നാളെ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച് ഉണ്ണി മുകുന്ദൻ തന്നെ നായകനായി അഭിനയിച്ച മേപ്പാടിയാന് ഒടിടി റിലീസ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. നാളെയാണ് സ്ട്രീമിംഗ് തീയതി.

ഇക്കഴിഞ്ഞ ദിവസം ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലും മേപ്പടിയാൻ ഇടം നേടിയിരുന്നു. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാ​ഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. താൻ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

ദുബായ് എക്‌സപോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബായ് എക്‌സപോയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ പവലിയനിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ദുബായ് എക്‌സപോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു ഇത്.

ഉണ്ണി മുകുന്ദനെ ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു വിഷ്ണു മോഹൻ. ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം കോവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്.

അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞയാണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍.

ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related Articles

Latest Articles