Thursday, April 25, 2024
spot_img

“ഇവർ നേതാക്കളല്ല, മരണത്തിന്റെ വ്യാപാരികള്‍”; കോവിഡിനിടയിലെ സിപിഎം സമ്മേളനത്തെ വിമർശിച്ച് വിഡി സതീശന്‍

കൊച്ചി: സിപിഎം നേതാക്കളും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡിനിടയിലെ സിപിഎം സമ്മേളനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം (VD Satheesan Against CPM Party Session). അതേസമയം കോവിഡ് നിയന്ത്രണത്തിലെ ഭേദഗതി പാര്‍ട്ടിക്കുവേണ്ടിയാണെന്നും മന്ത്രിമാരും നേതാക്കളും മരണത്തിന്റെ വ്യാപാരികളാവുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി സമ്മേളനങ്ങളെ അടിസ്ഥാനമാക്കിയാണ് കോവിഡ് മാനദണ്ഡം നിശ്ചയിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകള്‍ക്കുവേണ്ടി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജില്ലകളെ തരംതിരിച്ചത് പാര്‍ട്ടിക്കുവേണ്ടിയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. പാര്‍ട്ടി സമ്മേളനം നടക്കുന്ന തൃശൂരും കാസര്‍കോടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട ജില്ലയാണെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി സെന്ററില്‍ നിന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. വാശിയാണ് സിപിഎമ്മിന്. എന്തും നടത്തുമെന്ന ധാര്‍ഷ്ട്യമാണ് പാര്‍ട്ടിക്കെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പിനെതിരെയും സതീശന്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. ആരോഗ്യവകുപ്പ് നിശ്ചലമെന്നും വകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം (Covid Spread) രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാല്‍ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതര്‍ കൂടുതലും വീടുകളിലാണുള്ളത്. അതിനാല്‍ ടെലിമെഡിസിന്‍ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കു വഹിക്കാനാകും. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വാര്‍ഡ്തല സമിതികള്‍ വീടുകള്‍ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles