Wednesday, May 8, 2024
spot_img

മുതിര്‍ന്ന കോൺഗ്രസ് നേതാവും, ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു

ദില്ലി: പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം. 93 വയസായിരുന്നു. നാല്​ തവണ ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നു. ഗാന്ധിനഗറിലെ സ്വവസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയിരിക്കെ കേരളത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത് ഇദ്ദേഹം ചുമതലയിലിരിക്കേയാണ്.

ഗുജറാത്തിൽ സ്വാധീനമുളള നാല് സമുദായങ്ങളായ ക്ഷത്രിയര്‍, ദളിതര്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍ എന്നിവരെ ഒരുമിച്ച്​ ചേർത്തുണ്ടാക്കിയ ‘ഖാം’ സിദ്ധാന്തം വഴി 1980കളിൽ അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി. 1976ല്‍ ആണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തിയത്​. നാല്​ സമുദായങ്ങളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണ്​ ഖാം ( kham). ഇത്​ ഗുജറാത്തിലെ ഏറ്റവും ശക്തരായ പട്ടേല്‍ വിഭാഗം കോണ്‍ഗ്രസില്‍ നിന്ന് അകലാൻ കാരണമായിരുന്നു. 1981ൽ അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക്​ സംവരണം ഏ​ർപ്പെടുത്തി.

1985ല്‍ നടന്ന സംവരണ വിരുദ്ധ സമരത്തെ തുടർന്ന്​ രാജിവെച്ചെങ്കിലും 182 സീറ്റുകളിൽ 149ഉം നേടി വൈകാതെ അധികാരത്തിൽ തിരിച്ചെത്തി. ബോഫോഴ്സ് കേസിന്‍റെ സമയത്ത്​ സ്വീഡിഷ് സര്‍ക്കാരിനോട് അന്വേഷണം നിര്‍ത്താൻ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖരും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Related Articles

Latest Articles