Saturday, May 25, 2024
spot_img

ജസ്റ്റിസ് ഹേമ കമ്മീഷനായി സർക്കാർ ചെലവഴിച്ചത് 1.03 കോടി; 2019 ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് വെളിച്ചം കണ്ടില്ല; ശുപാർശകളിൽ നടപടിയില്ല; ഡബ്ള്യു സി സി അംഗങ്ങൾ വനിതാ കമ്മീഷനെ കണ്ടു

കോഴിക്കോട്: സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മിഷനായ ജസ്റ്റിസ് ഹേമ കമ്മീഷൻ, റിപ്പോർട്ട് സമർപ്പിച്ച് രണ്ടു വര്ഷം കഴിഞ്ഞിട്ടും പ്രസ്തുത റിപ്പോർട്ട് പുറത്തു വിടാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം രൂക്ഷം. ആവശ്യം ഉന്നയിച്ച് സിനിമാ സംഘടനയായ ഡബ്ള്യു സി സി അംഗങ്ങൾ ഇന്ന് കോഴിക്കോട്ട് വനിതാ കമ്മീഷനെ കണ്ടു. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി വനിത കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹേമ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസി വനിത കമ്മിഷനെ നേരിട്ടുകണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ സംഘടനയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ കമ്മിഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മിഷന്‍ 2019 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴിയെടുത്താണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു കോടിയിലധികം രൂപയാണ് ഹേമ കമ്മിഷന് വേണ്ടി ചെലവാക്കിയത്. 2017 മുതല്‍ 2020 വരെയുള്ള കമ്മിഷന്റെ ചെലവ് 1,06,55,000 രൂപയാണ്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 1,03,22,254 രൂപ കൈപ്പറ്റിയതായും വിവരാവകാശ രേഖകളില്‍ പറയുന്നുണ്ട്. 2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷെ കോടികൾ ചെലവഴിച്ച് നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു എന്നാണ് റിപ്പോർട്ട് പൂഴ്ത്തിവെക്കുന്ന സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സംഘടന റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. കെ കെ രമ എം എൽ എയും ജസ്റ്റിൻ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നടപടി വൈകുന്നതിനെതിരെ ഇന്നലെ പ്രതികരിച്ചിരുന്നു.

Related Articles

Latest Articles