Sunday, April 28, 2024
spot_img

ചൈനയുടെ പ്രകോപനങ്ങളിൽ കുലുങ്ങാതെ തായ്‌വാനിൽ കാലുകുത്തി നാൻസി പെലോസി

തായ്പെയ്: ചൈനയുടെ കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാനിലെത്തി. തയ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്‌വാനിലെത്തിയ നാൻസി പെലോസി ട്വീറ്റ് ചെയ്തു. യുഎസും ചൈനയും 1979ൽ ഉണ്ടാക്കിയ ഉടമ്പടിയുടെ യാതൊരു ലംഘനവും അമേരിക്ക നടത്തുന്നില്ലെന്നും പെലോസി ട്വിറ്ററിൽ കുറിച്ചു. യുഎസിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തയ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം സൃഷ്ടിച്ചു. പെലോസി തയ്‌വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു. പെലൊസി സന്ദർശത്തിനെത്തിയ ദിവസം മാത്രം 21 ചൈനീസ് സൈനിക വിമാനങ്ങൾ തയ്‌വാന്റെ ആകാശാതിർത്തി ഭേദിച്ചതായി തയ്‌വാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

തയ്‌വാൻ തങ്ങളുടേതാണെന്ന വാദത്തിലാണ് ചൈന. അതുകൊണ്ടാണ് അമേരിക്കൻ ഉന്നത നേതാക്കളുടെ തായ്‌വാൻ സന്ദർശനത്തെ ചൈന എതിർക്കുന്നത്. തയ്‌വാനെ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാനാണ് യുഎസിന്റെ നീക്കമെന്നാണ് അവരുടെ വിമർശനം. 25 വർഷത്തിനു ശേഷമാണ് യുഎസിലെ ഉന്നത ചുമതലയുള്ള വ്യക്തി ഇവിടെ സന്ദർശനം നടത്തുന്നത്. 1.4 ബില്യൻ ചൈനീസ് പൗരൻമാരെ ശത്രുക്കളാക്കിയ യുഎസ്, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു. ചൈനയെ വെല്ലുവിളിച്ച് യുഎസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി. യുഎസ് പ്രതിനിധിയുടെ സന്ദർശനത്തോടുള്ള എതിർപ്പ് പരസ്യമാക്കാൻ മിസൈൽ വിക്ഷേപണം നടത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ചൈന കടന്നേക്കാമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അഭിപ്രായപ്പെട്ടു. ഔദ്യോഗികമായി തയ്‌വാനുമായി നയതന്ത്രബന്ധമില്ലെങ്കിലും, തയ്‌വാൻ ദ്വീപിന്റെ അതിർത്തി സംരക്ഷിക്കാൻ യുഎസ് നിയമപരമായി ബാധ്യസ്ഥരാണെന്നാണ് അമേരിക്കൻ നിലപാട്. ഇരുരാജ്യങ്ങളും വിഷയത്തിൽ നിലപാട് കടുപ്പിക്കുന്നത്കാരണം മേഖല സംഘർഷ ഭീതിയിലാണ്.

വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്‌വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചിട്ടുണ്ട്. പതിവു നടപടികളുടെ ഭാഗമാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്‌വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾ‍‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.

Related Articles

Latest Articles