Tuesday, May 7, 2024
spot_img

പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കും? അമിത് ഷാ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി, രഹസ്യ ഓപ്പറേഷൻ നടന്നത് സംസ്ഥാനങ്ങളറിയാതെ

ദില്ലി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനം ചർച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി. യുപി പോലുള്ള ചില സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണം എന്ന നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ രാജ്യവ്യാപകമായി ഇന്ന് പുലർച്ചെ റെയ്‌ഡും അറസ്റ്റും ആരംഭിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നായി 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ റെയ്ഡ് പല സംസ്ഥാന സർക്കാരുകളും അറിയാതെയാണ് എൻഐഎ നടപ്പാക്കിയത്.

റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് സൂചന. അജിത് ഡോവലും എൻഐഎ ഡിജി ദിൻകർ ഗുപ്തയും അമിത് ഷായെ കണ്ട് വിവരങ്ങൾ നല്കി. പോപ്പുലർ ഫ്രണ്ട് നിരോധനം അമിത് ഷാ വിളിച്ച യോഗം ചർച്ച ചെയ്തു.

Related Articles

Latest Articles