Friday, May 10, 2024
spot_img

മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിലിട്ടാൽ ഇനി ഉടൻ പിടിവീഴും!!! നിർണ്ണായക നീക്കവുമായി കേരളാ പോലീസ് മേധാവി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ ഇനി കർശന നടപടി എടുക്കുമെന്ന് ഡിജിപി അനിൽ കാന്ത്.
ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. അതോടൊപ്പം മതവിദ്വേഷ പോസ്റ്റുകൾക്കെതിരെ സൈബർ പട്രോളിംഗിങ്ങും പോലീസ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തിൽ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് വീണ്ടും വർദ്ധിക്കുന്നുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷമാണ് സമൂഹമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. കഴിഞ്ഞ മാസം 18 ാം തീയതി മുതൽ ഈ മാസം മൂന്ന് വരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 41 പ്രതകളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്.

മറ്റ് പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതേസമയം മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകളാണ് ഇവിടെ എടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലിൽ 14 കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സംഘടനാ നേതാക്കളെ കരുതൽ അറസ്റ്റ് ചെയ്യുമ്പോൾ അവരുടെ ഫോണുകൾ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles