Tuesday, May 7, 2024
spot_img

ഒമ്പത് വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ പെൺകുട്ടി വീട്ടുകാരുമായി ഒന്നിച്ചു; 16 വയസ്സുകാരി സ്വന്തം പോസ്റ്റർ കണ്ടത് ഇന്റർനെറ്റിൽ

ഒമ്പത് വർഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടി ഇന്റർനെറ്റിന്റെ സഹായത്തോടെ തന്റെ വീട്ടുകാരുമായി ഒന്നിച്ചു. ഇപ്പോൾ 16 വയസുള്ള പൂജാ ​ഗൗഡയെ അവളുടെ മുംബൈയിലെ ജുഹു ചേരിപ്രദേശത്തുള്ള വീട്ടിൽ നിന്നും ഒരു കിലോമീറ്റർ താഴെമാത്രം ദൂരത്ത് താമസിക്കുന്ന ദമ്പതികളാണ് തട്ടിക്കൊണ്ടുപോയത്.

2010 മുതൽ 2015 വരെ ഡിഎൻ നഗർ പൊലീസ് സ്‌റ്റേഷനിൽ കാണാതായവരുടെ കേസുകളുടെ അന്വേഷണ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജേന്ദ്ര ഭോസാലെയാണ്. അദ്ദേഹത്തിന്റെ ചില പരാമർശങ്ങളാണ് വീണ്ടും ഈ കേസ് വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായത്. പൂജ മാത്രമാണ് ആ കേസുകളിൽ തനിക്ക് കണ്ടുപിടിക്കാൻ കഴിയാതെ പോയ ഒരേ ഒരാൾ എന്നായിരുന്നു ഭോസാലെയുടെ പരാമർശം.

സഹോദരൻ രോഹിത്തിന്റെ മൊഴിപ്രകാരം 2013 ജനുവരി 22 -ന് അവനോടൊപ്പം സ്കൂളിലേക്ക് നടക്കുന്നതിനിടയിലാണ് പൂജയെ കാണാതായത്. ഹാരി ഡിസൂസ എന്നൊരാളും അയാളുടെ ഭാര്യയും ചേർന്നാണ് പൂജയെ തട്ടിക്കൊണ്ടു പോയത്. ശേഷം അവളെ മുംബൈക്ക് പുറത്തേക്ക് മാറ്റി. എന്നാൽ, അധികം വൈകാതെ അവർക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടായതോടെ അവർ തിരികെ ജുഹുവിലേക്ക് തന്നെ വന്നു. എന്നാൽ, ഏഴാം വയസിലാണ് തട്ടിക്കൊണ്ടു പോയത് എന്നതിനാൽ തന്നെ പൂജയ്ക്ക് സ്വന്തം കുടുംബത്തെ കുറിച്ച് അധികമൊന്നും ഓർമ്മയില്ല. അടുത്തിടെയാണ് താൻ ദമ്പതികളുടെ സ്വന്തം മകളല്ല എന്ന് അവൾ അറിയുന്നത്.

പൂജ തന്നെയാണ് 2013 -ലെ തന്നെ കാണാതായതിനെ കുറിച്ചുള്ള വാർത്ത ഇന്റർനെറ്റിൽ കണ്ട് അവളുടെ മാതാപിതാക്കളെ വിളിക്കുന്നത്. പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പർ അമ്മയുടെ അയൽക്കാരുടേതായിരുന്നു. പൂജ അതിലേക്ക് വിളിച്ചു. പെട്ടെന്ന് തന്നെ അമ്മ മകളെ തിരിച്ചറിഞ്ഞു. അങ്ങനെ പൂജ വീട്ടുകാരുമായി വീണ്ടും ഒന്നുചേർന്നു. തട്ടിക്കൊണ്ടുപോയ ദമ്പതികൾക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ഡിസൂസയെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles