Sunday, April 28, 2024
spot_img

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലര്‍ട്ട്(Yellow Alert) കൂടാതെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും(Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തൃശൂർ ജില്ലയിൽ പരക്കെ നാശമുണ്ടായി. കനത്ത മഴയില്‍ തൃക്കൂര്‍ മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളില്‍ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ മതില്‍ ഇടിഞ്ഞ് 2 വീടുകള്‍ക്ക് വിള്ളല്‍ വീണു.

കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴയില്‍ മുക്കത്ത് കടകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

Related Articles

Latest Articles