Wednesday, October 14, 2026

ജപ്പാനിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; ദേവികയുടെ അന്ത്യകർമങ്ങൾ ജപ്പാനിൽ

കണ്ണൂർ ഇരിക്കൂർ സ്വദേശിനിയായ 22കാരി ദേവിക ജപ്പാനിൽ ട്രെയിൻ അപകടത്തിൽ മരിച്ചു. ആറുമാസം മുമ്പ് ജോലി തേടി ജപ്പാനിലെത്തിയ ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് അന്ത്യകർമങ്ങൾ ജപ്പാനിൽ നടത്താൻ കുടുംബം തീരുമാനിച്ചതായാണ് റിപ്പോർട്ട്.

ഒരു പുതിയ ജീവിതം തേടിയാണ് ആറുമാസം മുമ്പ് ദേവിക ജപ്പാനിലെത്തിയത്. പക്ഷേ, കുടുംബം കേൾക്കേണ്ടി വന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത മരണവാർത്ത. ജപ്പാനിൽ ട്രെയിൻ അപകടത്തിൽ കണ്ണൂർ ഇരിക്കൂർ സ്വദേശിനിയായ 22കാരി ദേവികയ്ക്ക് ദാരുണാന്ത്യം. ജപ്പാനിലെ കകമിഗാഹാരയിലാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്.

ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ് വി. ദേവിക. ആറ് മാസം മുമ്പാണ് ദേവിക നഴ്സിംഗ് കെയ‍ർ വിസയിൽ ജപ്പാനിൽ എത്തിയത്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. ജപ്പാനിലെത്തി ആറുമാസം പിന്നിടുന്നതിനിടെയാണ് ദേവികയുടെ ജീവൻ നഷ്ടമായത്.

അതേസമയം, മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടും കുടുംബത്തിന് പ്രതിസന്ധി നേരിട്ടു. മൃതശരീരം കേരളത്തിലേക്ക് കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, അന്ത്യകർമങ്ങൾ ജപ്പാനിൽ തന്നെ നടത്താനുള്ള തീരുമാനത്തിലേക്കാണ് കുടുംബം നീങ്ങിയത്. ഒരുപാട് പ്രതീക്ഷകളുമായി വിദേശത്തേക്ക് പോയ ഒരു യുവതി. പക്ഷേ, ആ യാത്രയ്ക്ക് ഇത്ര പെട്ടെന്ന് ഒരു അവസാനമുണ്ടാകുമെന്ന് കുടുംബം ഒരിക്കലും കരുതിയിരുന്നില്ല. ദേവികയുടെ വിയോഗത്തിൽ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Related Articles

Latest Articles