ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ മറവില് ദില്ലിയിൽ കലാപം അഴിച്ചുവിട്ട സംഘടനാ നേതാവ് അറസ്റ്റില്. യുണൈറ്റഡ് എഗൈന്സ്റ്റ് ഹേറ്റ് (യു എ എച്) എന്ന സംഘടനയുടെ നേതാവ് ഖാലിദ് സയ്ഫിയെയാണ് ദില്ലി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡല്ഹി ചാന്ദ് ബാഗില് നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സയ്ഫിയെ അറസ്റ്റ് ചെയ്തത്. കലാപത്തില് അറസ്റ്റിലായ ആംആദ്മി മുന് കൗണ്സിലര് താഹിര് ഹുസൈന്, ആക്ടിവിസ്റ്റ് ഉമര് ഖാലിദ് എന്നിവരുമായി സയ്ഫി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ചാന്ദ് ബാഗില് നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില് സയ്ഫിയെക്കുറിച്ച് നിര്ണ്ണായക വിവരങ്ങള് ലഭിച്ചിരുന്നു. ഇതേ തുടര്ന്നാണ് ഇയാളെ അറസ്റ്റ്ചെയ്യാന് തീരുമാനിച്ചത്. അറസ്റ്റിലായ സയ്ഫിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഈ ഗൂഢാലോചന സംബന്ധിച്ച കൂടുതല് വിവരങ്ങള് വരും ദിവസങ്ങളില് പുറത്തുവരുമെന്നാണ് കരുതുന്നത്. വര്ഗ്ഗീയ കലാപം ലക്ഷ്യമിട്ടുകൊണ്ട് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണ് ഡല്ഹിയില് നടന്നതെന്ന് അന്വേഷണ സംഘത്തിന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്.

