ഊട്ടി: ഒരു വയസുള്ള കുഞ്ഞിന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ ഗീതയെ (40) അറസ്റ്റ് ചെയ്‌തു. ഊട്ടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബോധം നഷ്ട്ടപ്പെട്ട കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ ഇവരെക്കുറിച്ചു ഡോക്ടർക്ക് തോന്നിയ സംശയമാണ് ക്രൂരത പുറത്തുകൊണ്ടുവന്നത്.
അശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. ഭർത്താവുമായി ഇവർ വേർപിരിഞ്ഞു കഴിയുകയായിരിന്നു. മൂന്ന് വയസ്സുപ്രായമുള്ള മൂത്തമകനെ ഭർത്താവ് ഒപ്പം കൊണ്ടുപോയിരുന്നു. തുടർന്ന് ഒരുവയസ്സുകാരനായ ഇളയ മകനും ഗീതയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
കുട്ടി പെട്ടന്ന് തലകറങ്ങി വീഴുകയായിരുന്നു എന്നാണ് ആശുപത്രിയിൽ ഗീത പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് രഹസ്യമായി ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു.
കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. തല ഭിത്തിയിൽ ഇടിച്ചതായും പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ഭക്ഷണത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വായിൽ ഭക്ഷണം കുത്തിനിറച്ചു കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി.

