Friday, May 3, 2024
spot_img

പാകിസ്ഥാനിൽ ജനക്കൂട്ടം തല്ലിക്കൊന്ന ശ്രീലങ്കൻ സ്വദേശി നേരിട്ടത് അതിക്രൂര മർദ്ദനം

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശി പ്രിയന്ത കുമാരയെ അതിക്രൂരമായി മർദ്ദിച്ചിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. എല്ലുകളെല്ലാം ഒടിഞ്ഞിരുന്നു. 99% പൊള്ളലേൽക്കുകയും ചെയ്തു. തലയിലുണ്ടായ മുറിവാണ് മരണ കാരണം.

ഖുർആൻ വാക്യങ്ങൾ എഴുതിയ തഹ്‌രീക്- ഇ – ലബ്ബയ്ക് പാകിസ്ഥാന്റെ പോസ്റ്റർ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പ്രിയന്ത കുമാരയ്ക്കെതിരെ ആൾക്കൂട്ടം ആക്രമണം നടത്തിയത്. കുമാരയുടെ ഓഫീസിനോട് ചേർന്നുള്ള ചുവരിൽ ഉണ്ടായിരുന്ന ഇസ്ലാമിസ്റ്റ് പാർട്ടിയായ ടിഎൽപിയുടെ പോസ്റ്റർ അദ്ദേഹം നീക്കം ചെയ്യുന്നത് രണ്ട് ഫാക്ടറി തൊഴിലാളികൾ കാണുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിൽ രോഷാകുലരായ നൂറുകണക്കിന് ആളുകൾ ഫാക്ടറിക്ക് പുറത്ത് തടിച്ചുകൂടി. ഭൂരിഭാഗവും ടിഎൽപിയുടെ പ്രവർത്തകരും അനുഭാവികളുമായിരുന്നു. മതനിന്ദ ആരോപിക്കപ്പെട്ട കുമാരയെ ഫാക്ടറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തേയ്ക്ക് കൊണ്ടു വന്ന് ക്രൂരമായി മർദ്ദിച്ചു. മരണം ഉറപ്പിച്ച ആൾക്കൂട്ടം പോലീസ് എത്തുന്നതിനു മുൻപ് മൃതദേഹം കത്തിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച നിരവധി വീഡിയോകളിൽ കുമാരയുടെ മൃതദേഹത്തിന് ചുറ്റും നിൽക്കുന്ന നൂറുകണക്കിന് ആളുകളെ കാണാം. ഇവരെല്ലാം ടിഎൽപിയുടെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ടിഎൽപിയുമായി ഇമ്രാൻ ഖാൻ സർക്കാർ രഹസ്യ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ടിഎൽപിയുടെ നിരോധനം നീക്കിയിരുന്നു. ഒപ്പം ടിഎൽപിയുടെ തലവൻ സാദ് റിസ്‌വിയും തീവ്രവാദ പ്രവർത്തനങ്ങളിൽ കുറ്റാരോപിതരായ 1,500 ഓളം പ്രവർത്തകരും ജയിൽ മോചിതരായിരുന്നു.

Related Articles

Latest Articles