Sunday, April 28, 2024
spot_img

ഭാരതത്തിന്റെ നാരീശക്തിയ്ക്ക് ജന്മദിനാശംസകൾ; സ്‌മൃതി ഇറാനിയ്ക്ക് ഇന്ന് പിറന്നാൾ ദിനം

ഭാരതത്തിന്റെ നാരീശക്തിയ്ക്ക് ഇന്ന് പിറന്നാൾ ദിനം(Birthday Of Smriti Irani). സ്‌മൃതി ഇറാനിയ്ക്ക് ഇന്ന് നാല്പത്തിയാറാം പിറന്നാൾ. നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ സ്‌മൃതി ഇറാനിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം ഓപ്പറേഷൻ ഗംഗ ദൗത്യം നടന്ന സമയത്ത് സ്‌മൃതി ഇറാനി നടത്തിയ പ്രവർത്തനങ്ങൾ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. യുക്രൈനില്‍ നിന്നുമെത്തിയ ഇന്ത്യക്കാരെ 4 വ്യത്യസ്ത ഭാഷകളിലാണ് സ്മൃതി ഇറാനി സ്വാഗതം ചെയ്തത്. മലയാളം, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളിലായിരുന്നു മന്ത്രി അവരെ സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ളവരോട് എങ്ങനെയുണ്ട് എന്നാണ് കേന്ദ്രമന്ത്രി ചോദിച്ചത്. അതിന് അടിപൊളി, അടിപൊളി എന്നാണ് ഇതിന് മലയാളികളായ വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയത്. ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ദില്ലിയിൽ 1976 മാര്‍ച്ച് 23ന് ആണ് സ്മൃതി ഇറാനിയുടെ ജനനം. മഹാരാഷ്ട്രയില്‍ താമസമാക്കിയിരുന്ന ബംഗാളിയായ ശിബാനി ബക്ഷിയുടേയും, പഞ്ചാബിയായ അജയ് കുമാര്‍ മല്‍ഹോത്രയുടേയും മകളാണ് സ്‌മൃതി. സ്മൃതി മല്‍ഹോത്ര എന്നായിരുന്നു ആദ്യ പേര്. പിന്നീട് പാഴ്‌സിയായ സുബിന്‍ ഇറാനിയുമായുള്ള വിവാഹത്തോടെയാണ് പേര് മാറ്റിയത്. മുത്തച്ഛനും അമ്മയും ആര്‍എസ്എസ്, ജനസംഘ് പ്രവര്‍ത്തകരായിരുന്നു. കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ദില്ലിയിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളില്‍ നിന്ന് 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ സ്മൃതി ഇറാനി ദില്ലി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ ചേര്‍ന്നു.

സ്റ്റാർ ടി.വിയിലെ പ്രശസ്തമായ ‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. സീരിയൽ രംഗത്തേക്ക് വരുന്നതിന് മുൻപ് മുംബൈയിലെ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സ്മൃതി ഇറാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2003-ൽ ബി.ജെ.പി.യിൽ ചേർന്നു. 2004-ലെ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബി.ജെ.പി ദേശീയസമിതിയംഗമായും പ്രവർത്തിച്ചു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടു എങ്കിലും. വീണ്ടും മണ്ഡലത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് സ്‌മൃതി നടത്തിയത്. ഇതിന്റെ ഫലമായി പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ മിന്നുംവിജയമാണ് സ്മൃതി ഇറാനി അമേഠിയിൽ സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയുടെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയാണ്.

Related Articles

Latest Articles