Sunday, April 28, 2024
spot_img

കൊലമരത്തിലും തളരാത്ത പോരാട്ട വീര്യം; ഇന്ന് ഭഗത് സിംഗ്- സുഖ്‌ദേവ് വീരബലിദാന ദിനം

ഇന്ന് ഭഗത് സിംഗ്– സുഖ്‌ദേവ് വീരബലിദാന ദിനം(Bhagat Singh Death Anniversary). ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്റ്റ് വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് 23 വയസ്സ് വരെയാണ് ഭഗത് സിംഗ് എന്ന ആ ധീരൻ ഈ ലോകത്ത് ഉണ്ടായിരുന്നുള്ളു. അതില്‍ തന്നെ സജീവ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ജീവിച്ചത് വെറും ഏഴ് വര്‍ഷം. എന്നിട്ടും ഭഗത് സിംഗിന് ഇന്ത്യാക്കാരുടെ മനസ്സിൽ മഹാത്മാഗാന്ധിയോളം വലിയ ഇടമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളികളായ ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23-നാണ്.

ഇന്നത്തെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിൽ വച്ചാണ് ഈ മൂന്ന് പോരാളികളെയും തൂക്കിലേറ്റിയത്. തങ്ങളുടെ ജീവത്യാഗത്തിലൂടെ അവർ ഈ രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ ഒരുപാട് കഴിഞ്ഞിട്ടും നാം ഇന്നും അത്യാദരവോടെ സ്മരിക്കുന്നു.ജോൺ സോണ്ടേഴ്സ് എന്ന, 21 വയസുണ്ടായിരുന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്നതിന്റെ പേരിലാണ് ഭഗത് സിങും സുഖ്ദേവും രാജ്‌ഗുരുവും വിചാരണയ്ക്കും തുടർന്ന് വധശിക്ഷയ്ക്കും വിധേയരായത്. ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ആയിരുന്ന ജെയിംസ് സ്‌കോട്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് അവർ സോണ്ടേഴ്സിനെ വധിച്ചത്.

ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നതനും ജനപ്രിയനുമായ നേതാവായിരുന്ന ലാല ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായതിനാലാണ് ജെയിംസ് സ്കോട്ടിനെ വധിക്കാൻ മൂവരും തീരുമാനിച്ചുറച്ചത്.
ലജ്പത് റായിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തു എന്ന് പരസ്യമായി പ്രഖ്യാപിച്ച ഭഗത് സിങ് തുടർന്ന് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞു.

പിന്നീട് 1929 ഏപ്രിലിൽ സഹപ്രവർത്തകനായ ബടുകേശ്വർ ദത്തിനോടൊപ്പം പ്രത്യക്ഷപ്പെട്ട ഭഗത് സിങ് ദില്ലിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ കെട്ടിടത്തിൽ ബോംബ് വെയ്ക്കുകയായിരുന്നു. അതിനെത്തുടർന്ന് ‘ഇൻക്വിലാബ് സിന്ദാബാദ്‘ എന്ന പ്രശസ്തമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഭഗത് സിങ് പോലീസിന് കീഴടങ്ങി. ജയിലിൽ കഴിയവെയും ഭഗത് സിങിന്റെ സമരവീര്യത്തിന് യാതൊരു കുറവും ഉണ്ടായില്ല. മിയാൻവാലി ജയിലിൽ കഴിഞ്ഞ ഭഗത് സിങിനെ അവിടെ പാർപ്പിച്ചിരുന്ന തടവുകാരുടെ ജീവിത സാഹചര്യങ്ങൾ വല്ലാതെ അസ്വസ്ഥനാക്കി. ബ്രിട്ടീഷ് തടവുകാർക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിരുന്നപ്പോൾ ഇന്ത്യൻ തടവുകാർക്ക് മോശം ഭക്ഷണവും താഴ്ന്ന ജീവിത സാഹചര്യങ്ങളുമാണ് ലഭിച്ചിരുന്നത്.

ഇത്തരത്തിലുള്ള വേർതിരിവിനെതിരെയും തടവുകാർക്ക് നേരിടേണ്ടി വന്ന അനീതികൾക്കെതിരെയും ശബ്ദിച്ച ഭഗത് സിങ് ഈ വിഷയങ്ങൾ ഉന്നയിച്ച് നിരാഹാര സമരവും ആരംഭിച്ചു. സഹതടവുകാരനായ ജതിൻ ദാസിനോടൊപ്പം നടത്തിയ നിരാഹാര സമരം വലിയ പൊതുജന ശ്രദ്ധ നേടുകയും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ ആവേശഭരിതരാക്കുകയും ചെയ്തു. 1929 സെപ്റ്റംബറിൽ ജതിൻ ദാസിന്റെ മരണത്തോടെയാണ് സമരം അവസാനിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ 23-ാം വയസിൽ ഭഗത് സിങ് തൂക്കുമരത്തിൽ മരണം വരിച്ചു. വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് 11 മണിക്കൂര്‍ മുമ്പാണ് വധശിക്ഷ നടപ്പാക്കിയത്. അതീവ രഹസ്യമായാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇതിന് ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ ജയിലിന് പിന്നിലൂടെയാണ് പുറത്തെത്തിച്ചത്. രാത്രിയില്‍ തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച ശേഷം ചിതാഭസ്മം സുല്‍തേജ് നദിയില്‍ നിക്ഷേപിച്ചെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Shaheed Bhagat Singh Birth Anniversary
Shaheed Bhagat Singh Birth Anniversary

മരണത്തിനു ശേഷവും ദേശീയപ്രസ്ഥാനത്തിലുടനീളം വലിയ ആവേശമായി നിലകൊണ്ടു എന്നതാണ് ഭഗത് സിങിന്റെ ജീവിതത്തിന്റെയും പോരാട്ടങ്ങളുടെയും പ്രസക്തി. ഇന്നും അവകാശ സമരങ്ങൾ നടത്തുന്ന ജനവിഭാഗങ്ങൾ ഭഗത് സിങിന്റെ ഓർമകളിൽ നിന്നും ഊർജ്ജം സംഭരിക്കുന്നത് നമുക്ക് കാണാം. കൊലമരത്തിനു മുന്നിലും ഭയചകിതരാകാതെ, മുഖം കറുത്ത തുണി കൊണ്ട് മൂടാൻ അനുവദിക്കാതെ, ‘ഇങ്ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് സധൈര്യം മരണം വരിച്ച ഭഗത് സിങിന്റെയും സുഖ്ദേവിന്റെയും രാജ്‌ഗുരുവിന്റെയും ഓർമ്മകൾ ഇനിയും എത്രയോ കാലം നമ്മെ പ്രചോദിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.
പുസ്തകങ്ങളിലും കഥകളിലും സിനിമകളിലും നാടകങ്ങളിലും മറ്റ് കലാ സാഹിത്യ രൂപങ്ങളിലുമൊക്കെ ഇന്നും പല രീതിയില്‍ ഈ ധീര ബലിദാനിയുടെ ജീവിതം പ്രമേയമായി കടന്നു വരുന്നത് കാണാം. ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ ജീവിതം നമ്മളില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഉത്തമ ഉദാഹരണവും ഇത് തന്നെയാണ്.

Related Articles

Latest Articles