Wednesday, October 14, 2026

കൊവിഡ്19 ആശ്വാസ പാക്കേജ് കേന്ദ്രം ഉടന്‍ പ്രഖ്യാപിച്ചേക്കും

ദില്ലി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യപക ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ധനകാര്യ രംഗത്ത് കൂടുതല്‍ ഇളവുകളും വ്യവസായരംഗത്തിന് സഹായകരമായി ആശ്വാസ പാക്കേജും ഉടനുണ്ടായേക്കുമെന്നാണ് സൂചന.

പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചവര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 1.75 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജുമായി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ പാതകളുടെ പണികള്‍ പുനരാരംഭിക്കുന്നതിലൂടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും ശാക്തീകരണത്തിനുള്ള പ്രഖ്യാപനങ്ങള്‍ക്കാകും ധനകാര്യ മന്ത്രി പ്രാമുഖ്യം നല്‍കുക എന്നാണ് സൂചന. വ്യവസായ മേഖല, ഇ- കൊമേഴ്‌സ്, വിവര സാങ്കേതിക മേഖല, ചരക്കു ഗതാഗതം, ഔഷധ വിപണന മേഖല എന്നിവയ്ക്കും പ്രത്യേക പാക്കേജില്‍ പരിഗണന ഉണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടല്‍.

Related Articles

Latest Articles