Tuesday, April 30, 2024
spot_img

36 വർഷത്തെ സംഭവബഹുലമായ സേവനം… പോലീസുകാർ പോലും, ഭയപ്പെട്ടിരുന്ന പോലീസുകാരൻ; മലയാളികളുടെ സ്വന്തം ” പോലീസ് സിങ്കം” പടിയിറങ്ങി

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ” പോലീസ് സിങ്കം” ഋഷിരാജ് സിംഗ് പടിയിറങ്ങി. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്ന് അദ്ദേഹം വിരമിച്ചത്. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും കർമ്മംകൊണ്ട് മലയാളിയായ പോലീസ് സിങ്കം, സംഭവബഹുലമായ സേവനത്തിനു ശേഷമാണ് പദവികളിൽ നിന്നും പടിയിറങ്ങുന്നത് . ഗുണ്ടകളെ ഒതുക്കി നഗരങ്ങൾ ശുദ്ധീകരിക്കൽ,​ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ,​ വ്യാജ സി.ഡി, വ്യാജമദ്യ മാഫിയയെ അടിച്ചമർത്തൽ,​ വൈദ്യുതി മോഷണം പിടികൂടൽ തുടങ്ങി ഒരുപിടി പ്രത്യേക ദൗത്യങ്ങൾക്ക് ഇടതു വലത് സർക്കാരുകളുടെ വിശ്വസ്തനായിരുന്നു സിംഗ്. ലുങ്കിയുടുത്ത് മണൽ, കോഴി ലോറികളിൽ ക്ലീനറായെത്തി, കൈക്കൂലി കൈയോടെ പിടികൂടുന്ന സിംഗ് പൊലീസുകാർക്ക് പേടിസ്വപ്നമായിരുന്നു.

പോലീസുകാർ പോലും, ഭയപ്പെട്ടിരുന്ന പോലീസുകാരൻ ആയിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ ഏറ്റവും സീനിയറായ ഐ.പി.എസുദ്യോഗസ്ഥനായ സിംഗ് ജയിൽ മേധാവിയുടെ എക്സ് കേഡർ തസ്തികയിലാണ് ഇപ്പോഴുള്ളത്. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ ഏല്‌പിക്കുന്ന ചുമതലകൾ നിയമപ്രകാരം മാത്രം ചെയ്യുന്നതാണ് സിംഗിന്റെ രീതി. കൈക്കൂലിക്കാർക്ക് സസ്പെൻഷനും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് പാരിതോഷികവുമായിരുന്നു ഋഷിരാജിന്റെ സ്റ്റൈൽ. ഏതൊക്കെ വേഷത്തിൽ ഋഷിരാജ് എത്തുമെന്ന് ഭയന്നായിരുന്നു അക്കാലത്ത് ഹൈവേകളിൽ പൊലീസ് ഡ്യൂട്ടിയെടുത്തിരുന്നത്. ചെക്ക്പോസ്റ്റുകളിലെ അഴിമതി വലിയൊരളവു വരെ കുറഞ്ഞു.

അതേസമയം വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്ട്രയിലും ജോലി ചെയ്തു. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles