Thursday, May 23, 2024
spot_img

സ്വാതന്ത്ര്യത്തിന് ശേഷം വംശീയതയും കുടുംബ ഭരണവും ഈ നാടിനെ നശിപ്പിച്ചു; ഭാരതത്തിന്റെ എല്ലാ കരുത്തും വീണ്ടെടുത്തുകൊണ്ടാണ് ബിജെപി രാജ്യത്തെ നയിക്കുന്നത്; നരേന്ദ്രമോദി

ജയ്പൂർ: ഭാരതത്തിന്റെ എല്ലാ കരുത്തും വീണ്ടെടുത്തുകൊണ്ടാണ് ബിജെപി രാജ്യത്തെ നയിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിലൂടെ കുതിക്കുന്ന എട്ടു വർഷങ്ങൾ ഈ നാടിന്റെ കരുത്തുകൂട്ടിയെന്നും. ഈ നാടിനെ കുടുംബാധിപത്യത്തിൽ നിന്നും വികസന പാതയിലേക്ക് നയിക്കുകയാണ് ബിജെപിയും പ്രവർത്തകരും ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ്പൂരിൽ നടക്കുന്ന ബിജെപി കേന്ദ്രയോഗത്തിൽ വെർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് ശേഷം വംശീയതയും കുടുംബ ഭരണവുമാണ് ഈ നാടിനെ നശിപ്പിച്ചതെന്നും അമൂല്യമായ സമയമാണ് ഇവരുടെ സ്വാർത്ഥതമൂലം നഷ്ടപ്പെട്ടതെന്നും ബിജെപി ഇത്തരക്കാരുമായി നിരന്തരം പോരാടുക തന്നെ ചെയ്യണമെന്നും ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതിന് ബിജെപി എന്നും പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

‘ഈ നാട്ടിലെ ജനങ്ങൾ ക്ഷമതയുള്ളവരാണ്. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്. അവരുടെ വിശ്വാസം നാം നേടിയെടുത്തിരിക്കുന്നു. അത് നഷ്ടപ്പെടുത്തുന്ന ഒരു കാര്യവും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. ഇത് ബിജെപിയാണ് കെട്ടികിടക്കുന്ന വെള്ളമല്ല. മറിച്ച് നിരന്തരമായ ധാരയാണ്. യുവശക്തിക്കൊപ്പം ഏറ്റവും അനുഭവസമ്പത്തുള്ളവരും കൈകോർത്തുപിടിച്ചാണ് നാം നീങ്ങുന്നത്. പുതിയ വെല്ലുവിളികളെ നേരിടാൻ നാം നമ്മുടെ എല്ലാ തന്ത്രങ്ങളും പരിഷ്‌ക്കരിക്കണം. ശക്തിപ്പെടുത്തണം. നമുക്ക് നമ്മുടെ പൂർവ്വികരുടെ വിജ്ഞാനത്തിലും പരിശ്രമത്തിലും അവർ നലൽകിയ സംഭാവനകളിലും സമ്പൂർണ്ണ വിശ്വാസമുണ്ട്. മഹാത്മാ ഗാന്ധി ജനാധിപത്യത്തിന് നൽകിയ ശക്തി അമൂല്യമാണെന്ന് തിരിച്ചറിഞ്ഞതും ആ മാർഗ്ഗത്തെ പിന്തുടരുന്നതും നമ്മളാണ്’- നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

കൂടാതെ ഇന്ന് ബിജെപിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ എത്ര മുന്നോട്ട് പോയിരിക്കുന്നു എന്ന് ലോകം കാണുകയാണെന്നും ആത്മനിർഭർ ഭാരതിലൂടെ സ്വയംപര്യാപ്തത നാം നേടിയിരിക്കുന്നുവെന്നും ദേശീയ വിദ്യാഭ്യാസ നയം എല്ലാ സംസ്ഥാനങ്ങളുടേയും ഭാഷപരമായ കരുത്ത് വർദ്ധിപ്പിക്കുമെന്നും പ്രാദേശിക ഭാഷകൾ നമ്മുടെ നാടിന്റെ ആത്മാവാണ്. അതിലൂടെ ആർജ്ജിക്കുന്ന സംസ്‌കാരികമായ മൂല്യങ്ങൾ വിദ്യാർത്ഥികളെ അഭിമാനമുള്ളവരാക്കിമാറ്റുമെന്നും സ്വാതന്ത്ര്യത്തിന്റെ അമൃതകാലം കർത്തവ്യങ്ങളെ പൂർത്തീകരിച്ച് ഉജ്വലമായ ഭാവി രൂപപ്പെടുത്താനുള്ളതാണെന്ന് നാം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles