Tuesday, April 30, 2024
spot_img

രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് സേനാ ഹെലികോപ്റ്ററർ തകർന്ന സംഭവത്തിൽ പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി

നിരീക്ഷണപ്പറക്കലിനിടെ റിസര്‍വോയറില്‍ വീണ് കാണാതായ സേനാ പൈലറ്റിന്‍റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. രണ്ടരമാസത്തിന് ശേഷമാണ് 27കാരനായ ക്യാപ്റ്റന്‍ ജയന്ത് ജോഷിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. ഓഗസ്റ്റ് മൂന്നിനാണ് ആര്‍മിയുടെ ഹെലികോപ്റ്റര്‍ പത്താന്‍കോട്ട് റിസര്‍വോയറില്‍ തകര്‍ന്നുവീണത്. എന്നാല്‍ നാവിക സേനയുടേയും കരസേനയുടേയും സംയുക്ത രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ജയന്ത് ജോഷിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഞായറാഴ്ചയാണ് ജയന്ത് ജോഷിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ ജയന്ത് ജോഷിക്ക് ഒപ്പമുണ്ടായിരുന്ന സഹപൈലറ്റിന്‍റെ മൃതദേഹം ഓഗസ്റ്റ് 15ന് കണ്ടെത്തിയിരുന്നു. മകന്‍റെ മൃതദേഹം തിരിച്ചറിഞ്ഞതായി ജയന്ത് ജോഷിയുടെ പിതാവ് പ്രതികരിച്ചു. ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്തിന് സമീപത്ത് തന്നെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വെള്ളത്തിലൂടെ കാണാന്‍ സാധിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതിനാലാണ് മൃതദേഹം കണ്ടെത്താന്‍ രണ്ടരമാസമെടുത്തതെന്നാണ് സേനാ വക്താവ് വിശദമാക്കുന്നത്. കരസേനയിലെ നഴ്സാണ് ജയന്തിന്‍റെ അമ്മ. ദില്ലിയിലെ ദ്വാരക സ്വദേശിയാണ് ജയന്ത്. ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ശേഷം 2017ലാണ് ജയന്ത് സേനയില്‍ അംഗമായത്. ആര്‍മി ഏവിയേഷന്‍ വിഭാഗത്തില്‍ ചേരുന്നതിന് മുന്‍പ് സിഖ് ലൈറ്റ് ഇന്‍ഫന്‍ററിയിലായിരുന്നു ജയന്ത് ജോലി ചെയ്തിരുന്നത്.

Related Articles

Latest Articles