Wednesday, May 8, 2024
spot_img

‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും’‘ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറ‍ഞ്ഞത്‍..’; മഞ്‍ജുവിന്റെ ഹൃദയം നോവിക്കുന്ന ഫേസ്ബുക് കുറിപ്പ്

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു വിട പറഞ്ഞിരിക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു കുണ്ടമൻ കടവിലെ വീട്ടിലേക്കു കൊണ്ടുപോയി.നാളെ പത്തരമുതൽ പന്ത്രണ്ട് വരെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ചൊവ്വാഴ്ച(നാളെ) ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ അദ്ദേഹം കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു.

അതേസമയം ഇപ്പോൾ നെടുമുടി വേണുവിന്റെ മരണവാർത്തയറിഞ്ഞ് നടി മഞ്ജു വാര്യർ കുറിച്ച വാക്കുകളാണ് വേദനയാകുന്നത്. ‘അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും’. മഞ്ജുവാര്യർക്ക് നെടുമുടി വേണു അയച്ച കത്തിലെ വരികളാണിത്.

ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. ദയയിൽ തുടങ്ങിയ ബന്ധം മരയ്ക്കാർ വരെ എത്തി നിൽക്കുന്നുവെന്നാണ് മഞ്ജു പറയുന്നത്.താൻ ഇടയ്ക്ക് കളിയായി കൊടുമുടി വേണു എന്ന് വിളിക്കുമായിരുന്നു. അത്രയും ഉയരത്തിലായിരുന്നു അദ്ദേഹമെന്നാണ് മഞ്ജു പറയുന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ…

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. ‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആൻഡ് ജിൽ’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു!!’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട’

Related Articles

Latest Articles