Thursday, May 23, 2024
spot_img

ജമ്മുകശ്മീരില്‍ പിടിയിലായ ഡിവൈഎസ്പി ഭീകരരെ കടത്തുന്നതിനായി 12 ലക്ഷംരൂപ കൈപ്പറ്റിയതായി പൊലീസ്

ദില്ലി: ജമ്മുകശ്മീരില്‍ ഭീകര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാങ്ങി ഭീകരരെ സഹായിക്കുകയായിരുന്നുവെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് വാങ്ങിച്ചതെന്നും ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുള്ള മിര്‍ ബാസാറിലെ പൊലീസ് ബാരിക്കേഡില്‍ വച്ചാണ് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദേവീന്ദര്‍ സിംഗിനെ ജമ്മുകശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ സെയ്ദ് നവീദ് മുഷ്താഖ്, റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ദേവീന്ദര്‍ സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസില്‍ പ്രതിയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണ് നവീദ് മുഷ്താഖ് അഥവാ ബാബു. ഇതുകൂടാതെ പൊലീസില്‍ ഏറെകാലം സേവനമനുഷ്ഠിച്ച കോണ്‍സ്റ്റബില്‍ കൂടിയായിരുന്നു നവീദ് മുഷ്താഖ്.

രണ്ട് ഭീകരരെ പൊലീസില്‍ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു ദേവീന്ദര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥന്‍മാര്‍ക്ക് യാതൊരു അറിവുണ്ടായിരുന്നില്ല. കൂടാതെ, പിടിയിലായ തീവ്രവാദികളെ ചോദ്യംചെയ്തതില്‍ നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

Related Articles

Latest Articles