Sunday, April 28, 2024
spot_img

പണ്ടാര അടുപ്പിൽ തീ പകർന്നു; പൊള്ളുന്ന ചൂട് വകവെക്കാതെ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ! യാഗശാലയായി അനന്തപുരി

തിരുവനന്തപുരം: സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീ ‌കത്തിച്ചതോടെ തുടക്കമായി. തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറി. അതിനുശേഷമാണ് വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടർന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്കു തീ പകർന്നു.

രാവിലെ 10നു ശുഭപുണ്യാഹത്തിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇതേസമയം പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണു വിശ്വാസം. പാട്ടു തീർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കമായത്.

പൊള്ളുന്ന ചൂട് വകവെക്കാതെയാണ് ഭക്തലക്ഷങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നത്. സൂചി കുത്താൻ ഇടയില്ലാത്ത വിധം തമ്പാനൂർ അടക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്തു വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 2.30നു ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം.

വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കു ചൂരൽകുത്ത്. രാത്രി 11ന് തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളുടെയും കുത്തിയോട്ട ബാലന്മാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ആറ്റുകാൽ പൊങ്കാലയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles