Friday, March 29, 2024
spot_img

കരുവന്നൂർ കുംഭകോണം: സിപിഎമ്മിന്റെ വാദങ്ങൾ പൊളിയുന്നു; എല്ലാം പാർട്ടി അറിഞ്ഞുതന്നെ; ബ്രാഞ്ച് കമ്മിറ്റി വിഷയം ചർച്ച ചെയ്തതിന്‍റെ ശബ്‍ദരേഖ പുറത്ത്

തൃശ്ശൂ‌‍ർ: കരുവന്നൂർ കുംഭകോണത്തിൽ സിപിഎമ്മിന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന തെളിവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ, ഇയാളുടെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ശബ്ദരേഖ ഇതിനോടകംതന്നെ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് യോഗത്തിൽ വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. .
എന്നാൽ ബിനാമി ലോണുകളും പരിധിയിൽ കൂടുതൽ ലോൺ കൊടുക്കുന്നതിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. അ‍ഞ്ചു ആറും ലോണുകൾ ഒരേ വസ്തുവിന്മേൽ നൽകുന്നുണ്ടെന്നും ഉടമസ്ഥർ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തിൽ വിമർശിക്കുന്നുണ്ട്. ബിനാമി ലോണുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ലംഘിച്ചതായി പറയുന്നത് കേൾക്കാം. അതേസമയം ഇതുസംബന്ധിച്ച ച‍‌‌ർച്ച നടന്നതായി രാജുമാസ്റ്റ‍ർ‌ മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് വായ്പകൾ നൽകരുതെന്നും നൽകിയ വായ്പകൾ തിരിച്ചു പിടിക്കണമെന്ന് പാർട്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് രാജുമാസ്റ്ററിന്റെ വിശദീകരണം. ഒരു വായ്പ തിരിച്ചു പിടിക്കാൻ ചെന്ന വനിതാ ഭരണ സമിതി അംഗത്തെ വീട്ടുകാർ പൂട്ടിയിട്ട സാഹചര്യമുണ്ടായപ്പോഴാണ് വിഷയം ച‍‌‌‌‌‌‌‌ര്‍ച്ചയായതെന്നും തെളിവുകൾ വ്യക്തമാക്കുന്നു.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാനോ തിരച്ചിൽ നോട്ടീസ് ഇറക്കാനോ തയ്യാറാകാത്തതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിനു പിന്നാലെയാണു ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ (58), മുൻ ബ്രാഞ്ച് മാനേജർ എം.കെ.ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് തൃശൂർ യൂണിറ്റ് തിരച്ചിൽ നോട്ടിസ് ഇറക്കിയത്. 1 മുതൽ 6 വരെയുള്ള പ്രതികളായ ഇവരെക്കുറിച്ചു വിവരം ലഭിച്ചാൽ ക്രൈം ബ്രാഞ്ചിനെ അറിയിക്കണമെന്നു നോട്ടീസിലുണ്ട്. ഇവർ രാജ്യം വിടാതിരിക്കാനാണിത്.

എന്നാൽ, നാലാംപ്രതി കിരൺ ഇതിനകം രാജ്യം വിട്ടതായി സൂചനയുണ്ട്. കിരൺ ഒഴികെയുള്ളവരാണു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പ്രതികൾ വിമാനയാത്രയ്ക്കു ശ്രമിച്ചാൽ തടയണമെന്ന് ഇമിഗ്രേഷൻ വിഭാഗത്തിനും ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി. അതേസമയം, സഹകരണ ബാങ്ക് തട്ടിപ്പിൽ ചെയ്തതെല്ലാം സിപിഎം ഭരണസമിതിയുടെ നിർദേശ പ്രകാരമാണെന്നും ഇതിന്റെ പേരിൽ തങ്ങളെ ബലിയാടാക്കുകയാണെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. ബിജു കരീം, സി.കെ.ജിൽസ്, റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതിഭാഗം നിലപാടു വ്യക്തമാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles