Friday, April 26, 2024
spot_img

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകൾ കടലുപോലെ..! അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികളും; ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

തൃപ്പൂണിത്തുറ: വ്യാജ പുരാവസ്തുക്കൾ കാണിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മോൻസനെ ഇന്ന് വീണ്ടും വിശദമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടോടെയാണ് മോൻസണെ (Monson Mavunkal) ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അഞ്ച് ദിവസമായിരുന്നു ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നത്. കസ്റ്റഡി അനുവദിക്കുന്നതോടൊപ്പം മോൻസന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 30ന് വൈകിട്ട് നാല് മണിക്ക് മോൻസനെ കോടതിയിൽ വീണ്ടും ഹാജരാക്കണമെന്നും നിർദേശമുണ്ട്.

അതേസമയം തട്ടിപ്പിനിരയായ കൂടുതൽ പേർ ഇന്ന് മൊഴി നൽകുമെന്നാണ് സൂചന. കേസിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിലും അന്വേഷണ സംഘം വ്യക്തത വരുത്തും. മോൻണിസന്റെ ബാങ്ക് ഇടപാടുകൾ (Monson Mavunkal Fraud Case) അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കൾക്ക് എങ്ങിനെ ഇയാൾ രേഖകൾ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതൽ പേരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. എന്നാൽ ഇന്നലെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് മോൻസൺ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോൻസണിന്റെ കോവിഡ് പരിശോധനാഫലം പൂർത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

ഇന്നലെ കൊച്ചിയിൽ കലൂരിലുള്ള മോൻസന്റെ വീട്ടിൽ പോലീസും വനംവകുപ്പും വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ മോൻസന്റെ ഉന്നത ബന്ധങ്ങളെ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ നേതാക്കൾക്കും മോൻസനുമായി അടുപ്പമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണിത്.

ബാല മോൻസന്റെ പങ്കാളിയോ ?

മോൻസൺ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പമാണെന്ന് നടൻ ബാല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോൻസൺ മാവുങ്കൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും മോൻസണെപ്പറ്റി കൂടുതൽ അന്വേഷിച്ചിട്ടില്ലെന്നും മാത്രവുമല്ല, മറ്റാരുടെയെങ്കിലും പ്രശ്നങ്ങളിൽ തന്നെ വലിച്ചിടരുതെന്നും ബാല അഭ്യർത്ഥിച്ചു.
പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേനയാണ് മോൻസൺ മാവുങ്കൽ പലരിൽ നിന്നായി കോടികൾ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോൻസണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് നിരവധി പേർ പരാതി നൽകി. എന്നാൽ പരാതികളിൽ അന്വേഷണം നടന്നില്ല. ഉന്നത പോലീസ് ബന്ധം ഉപയോഗിച്ച് മോൻസൺ അന്വേഷണം അട്ടിമറിച്ചതായായും ആരോപണം ഉയരുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചതായി പരാതി ഉയർന്നിരുന്നു. ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു മോൻസൻ്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മോൻസൻ പറഞ്ഞതായും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles