Monday, April 29, 2024
spot_img

ക്രിപ്റ്റോ കറൻസികൾ അടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കും;
മുന്നറിയിപ്പുമായി ആർബിഐ

ദില്ലി : ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് റിസര്‍വ് ബാങ്ക്. ക്രിപ്‌റ്റോ കറന്‍സികൾ കാരണമാകും അടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്ന കാഴ്ചപ്പാടില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അടിസ്ഥാനപരമായ മൂല്യമില്ലെന്നും സാമ്പത്തിക സ്ഥിരതയ്ക്ക് അത് അപകടമുണ്ടാക്കുമെന്നുമാണ് ആര്‍ബിഐ ഗവര്‍ണറുടെ വിലയിരുത്തല്‍. ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ആദ്യം മുതലേ നിലപാട് സ്വീകരിച്ച ആര്‍ബിഐ ഇപ്പോഴും അതില്‍നിന്ന് പിന്നോട്ടുപോയിട്ടില്ല. ഒരു ദേശീയ മാധ്യമം നടത്തിയ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എഫ്ടിഎക്‌സ് പോലുള്ള പ്രധാന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ പാപ്പരായി. ഇടപാടുകളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതോടെ ക്രിപ്‌റ്റോ പണമാക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു.

153 ക്രിപ്‌റ്റോ കറന്‍സികളില്‍ മാത്രമേ പല എക്‌സ്‌ചേഞ്ചുകളിലും ട്രേഡിങ് നടക്കുന്നുള്ളൂ. 5,886 ക്രിപ്‌റ്റോ കറന്‍സികളില്‍ മാത്രമാണ് ചെറിയരീതിയിലെങ്കിലും വ്യാപാരം നടക്കുന്നത്. നവംബറിലെ കണക്കുപ്രകാരം ലോകത്താകെ 21,000ലധികം ക്രിപ്‌റ്റോകളാണുള്ളത്.

ക്രിപ്റ്റോയ്ക്ക് ബദലായാണ് റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ അവതരിപ്പിച്ചത്. നവംബര്‍ ഒന്നു മുതല്‍ മൊത്തവ്യാപാര ഇടപാടനും ഡിസംബര്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുകിട ഇടപാടിനും ഡിജിറ്റൽ രൂപ ഉപയോഗിക്കുന്നുണ്ട്.

Related Articles

Latest Articles