ഷിംല: ഹിമാചലിൽ വീണ്ടും ഭൂചലനം (Earthquake In Himachal Pradesh). റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മണാലിയിൽ നിന്ന് 108 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
അതേസമയം ലാഹൗൾ-സ്പിതി, മാണ്ഡി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ഹിമാചൽ പ്രദേശിൽ ഭൂചലനം ഉണ്ടാവുന്നത്. തിങ്കളാഴ്ച ഷിംലയിലും നേരത്തെ ചമ്പയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

