Friday, May 17, 2024
spot_img

കയ്യിലിരുപ്പ് കൊണ്ട് അങ്ങാടിയിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ….അതിന് അമ്മ എന്ത് പിഴച്ചു??

ഇനിയെങ്കിലും ഉപഭോക്താക്കളുടെ പൾസ് അറിയാൻ ശ്രമിക്കണം!!!!! ഇല്ലെങ്കിൽ വിപണിയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരും…. | FORD

കുറച്ചുകാലമായി വാഹന ഉടമകളും നാട്ടുകാരും ഒരുപോലെ ചോദിക്കുന്ന കാര്യമാണ്​ ഫോർഡ്​ രാജ്യം വിടുമോ എന്നത്. ഇന്ത്യയിലെ ഉത്പാദനം നിർത്തി പതിയെ പുറത്തുകടക്കാൻ ​ഫോർഡിന്​ ഉ​ദ്ദേശമുണ്ടെന്നാണ്​ വാഹനലോകത്തെ അണിയറ സംസാരം. സാനന്ദ്, മറൈമല നഗർ എന്നിവിടങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ ഫോർഡ് അടച്ചുപൂട്ടുമെന്നും തുടർന്ന്​ ഇന്ത്യവിടുമെന്നുമാണ്​ പറഞ്ഞുകേട്ടിരുന്നത്​. ഈ കുശുകുശുപ്പുകൾ സത്യമാണെന്ന്​ ഉറപ്പിക്കുന്ന വിവരം കഴിഞ്ഞദിവസം വാർത്താ ഏജൻസിയായ റോയിട്ടേഴ്​സും പുറത്തുവിട്ടിരുന്നു. വിശ്വനീയമായ ഉറവിടങ്ങളിൽ നിന്നാണ്​ വിവരം ലഭിച്ചതെന്നാണ്​ റോയിട്ടേഴ്​സ്​ പറയുന്നത്​. ഇൗ വാർത്തകൾ ശരിവച്ചുകൊണ്ട്​ ഫോർഡ്​ ഇന്ത്യയിലെ ഉത്​പ്പാദനം നിർത്തുകയാണെന്ന്​ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്​. തങ്ങളുടെ രണ്ട്​ ​നിർമാണ സംവിധാനങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചു​.

1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 27 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതി​െൻറ പ്രവർത്തനം തുടരുന്നു. കുറേക്കാലമായി, ഇവിട​െത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ്​ ഫോർഡ്​ വിലയിരുത്തുന്നത്​. അതിനാലാണ്​ ഉത്പാദനം നിർത്തുന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഇറക്കുമതിചെയ്​ത സി.ബി.യു മോഡലുകൾ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയിൽ വിൽക്കുക. സാനന്ദ്, മറൈമല നഗർ പ്ലാൻറുകൾ അടച്ചുപൂട്ടുകയാണ്​ ആദ്യം ചെയ്യുന്നത്​. കയറ്റുമതി പ്രവർത്തനങ്ങളും അവസാനിപ്പിക്കും.

ചിലരൊക്കെ കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി പുതിയ വണ്ടി വാങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. ടാറ്റ, മാരുതി, മഹീന്ദ്ര, ഹ്യൂണ്ടായ്, കിയാ.. പേരെടുത്ത് പറയാൻ കഴിയുന്ന എല്ലാ ബ്രാന്ഡുകളുടെയും പ്രീമിയം മോഡലുകൾക്ക് മൂന്ന് മാസം മുതൽ ഒരു വര്ഷം വരെ വെയ്റ്റിങ് പിരീഡ് ആണ്. ടാറ്റ ഹാരിയറും, കിയ സെൽറ്റോസും, ടാറ്റ നെക്‌സണുമൊക്കെ മിനിമം മൂന്ന് മാസമെങ്കിലും വെയ്റ്റ് ചെയ്യണം. എന്തിന് ഇയ്യിടെ ലോഞ്ച് ചെയ്ത സ്കോഡ കുഷാക്കിന് വരെ 45 ദിവസമാണ് വെയ്റ്റിങ് പീരീഡ്.. ഇനി മഹീന്ദ്ര ഥാർ ഒന്ന് കയ്യിൽ കിട്ടണമെങ്കിൽ ഒരു വര്ഷം വെയിറ്റ് ചെയ്യണം. എക്സ് യൂവി 700 ന്റെ ബുക്കിങ് ക്യൂ വരെയായി. കിയ തങ്ങളുടെ കാറുകൾക്ക് 30000 രൂപ മുതൽ വില കൂട്ടി. ഇയർ എൻഡ് അടുത്തിട്ടും അഞ്ചു പൈസയുടെ ഡിസ്‌കൗണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട എന്നാണ് പറയുന്നത്. ഒരു ഓഫറും ആരും നൽകുന്നുമില്ല.

ഇനി യൂസ്ഡ് കാർ മാർക്കറ്റ് നോക്കുകയാണെങ്കിൽ വലിയ തട്ടുകേടില്ലാത്ത അഞ്ചാറ് വര്ഷം പഴക്കമുള്ള ബലീനോയും ഐ 20യുമൊക്കെ വിൽക്കാൻ പോയാൽ ഏകദേശം വാങ്ങുമ്പോൾ കൊടുത്ത വിലയോടടുത്ത് കിട്ടും. ഇതാണ് കാർ വിപണിയിലെ സ്ഥിതി. ഇവിടെ ഒരു വണ്ടിയിറക്കി പരാജയപ്പെടാനാണ് പാട്. അവിടെയാണ് ഇവന്മാർ നാണം കെട്ട് പൂട്ടിക്കെട്ടി പോവുമ്പോൾ വിപണിയെയും ഉപഭോക്താക്കളെയും സർക്കാരിനെയും ഒക്കെ പഴി പറയുന്നത്?

ഇന്ത്യക്കാരന് ചീപ്പായ തകരപാട്ട കൊടുത്താൽ അവൻ വാങ്ങിച്ചോളും എന്നതായിരുന്നു സായിപ്പ് ചിന്തിച്ചിരുന്നത്. എന്നാൽ മാർക്കറ്റ് മാറിയതും, ഇവിടുത്തെ ഉപഭോക്താവ് മാറിയതും ഒന്നും ആ ഊളകൾക്ക് മനസ്സിലായിട്ടില്ല. ടാറ്റയും, മഹീന്ദ്രയും ഒക്കെ ഇന്ന് ഏത് വെസ്റ്റേൺ ബ്രാൻഡിനോടും കിട പിടിക്കുന്ന ഫീച്ചറുകളുമായിട്ടാണ് വിപണി കയ്യടക്കുന്നത്. അതെ സമയം കൊറിയൻ ബ്രാൻഡുകൾ അവരുടെ ഏറ്റവും മികച്ച ടെക്കനോളജിയുമായിട്ടാണ് ഇവിടേയ്ക്ക് വരുന്നത്. അത് കൊണ്ട് മാറിയ ഉപഭോക്താക്കളുടെ അഭിരുചികളെ മനസ്സിലാക്കാൻ കഴിയാതെ അവരെ ബഹുമാനിക്കാൻ പഠിക്കാതെ വിപണിയിൽ നിന്നും പരാജയം ഏറ്റുവാങ്ങി നാണം കെട്ട് പോവുന്നതിന് വിപണിയെയും ഉപഭോക്താക്കളെയും പഴിക്കരുത്. കയ്യിലിരുപ്പ് കൊണ്ട് അങ്ങാടിയിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനമ്മ എന്ത് പിഴച്ചു.

Related Articles

Latest Articles