Thursday, May 2, 2024
spot_img

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഇന്ത്യൻ പനോരമയിലേക്ക് മലയാളി യദു വിജയകൃഷ്ണന്‍ ‍സംവിധാനം ചെയ്ത ‘ഭഗവദജ്ജുകം’ ‍ഉൾപ്പടെ 25 ഫീച്ചര്‍ സിനിമകൾ പ്രദര്‍ശിപ്പിക്കും

ദില്ലി: ഗോവയില്‍ നടക്കുന്ന 52-ാംമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

സംസ്‌കൃത വിഭാഗത്തില്‍ മലയാളി യുവാ സംവിധായകനും ഛായാഗ്രാഹകനും കൂടിയായ യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഭഗവദജ്ജുകം’ ഉള്‍പ്പെടെ 25 ഫീച്ചര്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ജയരാജിന്റെ ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കറിന്റെ ‘ സണ്ണി’ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് മലയാളചിത്രങ്ങള്‍.

ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ‘ഭഗവദജ്ജുകം’ അണിയിച്ചൊരുക്കിയിരിക്കുന്നത്.സംസ്‌കൃത നാടക കലാകാരന്‍ കിരണ്‍രാജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ആദ്യ സംസ്‌കൃത ചലച്ചിത്രം കൂടിയാണ്. ചരിത്രത്തെ ആസ്പദമാക്കിയും നിരവധി പരീക്ഷണങ്ങള്‍ സംസ്‌കൃതത്തില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്

വിപിന്‍ ചന്ദ്രന്‍ ചിത്രത്തിന്റെ ക്യാമറയും പ്രദീപ് ചന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംസ്‌കൃത നാടക സംവിധായക അശ്വതി വിജയനാണ് സംഭാഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംവിധാനം അനില്‍ കാട്ടാക്കടയും വസ്ത്രാലങ്കാരം വിനിത കെ തമ്പാന്‍, മുരളീ ചന്ദ്ര എന്നിവര്‍ ചേര്‍ന്നുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പുതുമുഖം ജിഷ്ണു വി നായരാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മോഡല്‍ പാര്‍വതി. വി നായരാണ് നായിക. പ്രദീപ് കുമാര്‍, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വര്‍, ഷാരണി, രഘുനാഥ് സോപാനം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

നവംബര്‍ 20 മുതല്‍ 28 വരെ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത ചിത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പ്രദര്‍ശിപ്പിക്കും..

അതേസമയം ഇന്ത്യന്‍ പനോരമയുടെ പ്രാഥമിക ലക്ഷ്യം സിനിമാറ്റിക്, തീമാറ്റിക്, സൗന്ദര്യാത്മക മികവ് എന്നിവയുള്ള ഫീച്ചറും നോണ്‍-ഫീച്ചര്‍ സിനിമകളും വ്യത്യസ്ത വിഭാഗങ്ങളില്‍ ഈ സിനിമകളുടെ ലാഭേച്ഛയില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ചലച്ചിത്ര കലയുടെ പ്രോത്സാഹനത്തിനായി തിരഞ്ഞെടുക്കുക എന്നതാണ്.

Related Articles

Latest Articles