Saturday, October 3, 2026

‘രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തുന്നവർ നാലഞ്ചു ദിവസമായി മിണ്ടാട്ടം മുട്ടി ഇരിക്കുകയാണ്’; ‘ദ കശ്മീർ ഫയൽസ്’ സിനിമയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ദില്ലി: വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ പണ്ഡിറ്റുകളുടെ ദുരിതകഥ പറഞ്ഞ ‘ദ കശ്മീർ ഫയൽസ്’ സിനിമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) അഭിനന്ദനം. ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സിനിമകൾ ‘സത്യം വെളിപ്പെടുത്തുന്നു’ എന്നും അതിനെ അപകീർത്തിപ്പെടുത്താൻ പ്രചാരണം നടക്കുന്നുവെന്നും ചൊവ്വാഴ്ച ദില്ലിയിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പതാക എപ്പോഴും ഉയർത്തുന്ന ആളുകൾ അഞ്ചാറു ദിവസമായി പ്രക്ഷോഭത്തിലാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ അവലോകനം ചെയ്യുന്നതിനു പകരം സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും മോദി വ്യക്തമാക്കി.

അതേസമയം സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചിരുന്നു. ഗുജറാത്ത്, കർണാടക സർക്കാരുകൾ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. മുസ്ളിം സംഘടനകളുടെ ഫത്വ, എതിര്‍പ്പുകള്‍, ഒട്ടേറെ നിയമ തടസങ്ങള്‍, പടര്‍ന്നു പിടിച്ച കോവിഡ് എല്ലാ തടസ്സങ്ങളേയും അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

Related Articles

Latest Articles