Friday, May 10, 2024
spot_img

മലയാള ഗാനങ്ങളുടെ എംജിആർ; സംഗീതം ജീവിതമാക്കിയ അതുല്യപ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് നീണ്ട 11 വർഷങ്ങൾ

മലയാളചലച്ചിത്ര രംഗത്തെ നിറ സാന്നിധ്യമായിരുന്നു എം.ജി രാധാകൃഷ്ണൻ എന്ന ഗാനങ്ങളുടെ ചക്രവർത്തി. സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന്‍, ആകാശവാണിയ്ക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ച ലളിതഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെടുന്നവയും ആണ്. അതീവ സുന്ദരമായ ഒരുപാട് സിനിമാഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.സമാന്തര സംഗീത രംഗം എങ്ങനെയാണ് സിനിമയുടെ ജനകീയതയെ വെല്ലുവിളിച്ചു മുന്നേറുന്നതെന്ന് എത്രയോ നേരത്തെ തെളിയിച്ച സംഗീത സംവിധായകനാണ് എം.ജി.രാധാകൃഷ്ണന്‍. സിനിമയിലെ ഗാനങ്ങള്‍ക്കു മാത്രം കേള്‍വി കൊടുത്തു ആസ്വാദനത്തെ അവിടേക്കു മാത്രം ചേര്‍ത്തുവച്ചൊരു പ്രേക്ഷക മനസ്സിനെയാണ് ആകാശവാണിയിലെ കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ലളിതഗാനങ്ങളിലൂടെ എം.ജി.രാധാകൃഷ്ണന്‍ കീഴടക്കിയത്. കാസറ്റുകളിലൂടെയും ആഴ്ചയിലൊരിക്കലെത്തുന്ന ടിവി സംഗീത പരിപാടിയിലൂടെയും ആകാശവാണിയിലൂടെയും മാത്രം സിനിമയിലെ സംഗീതം കേട്ടിരുന്ന, പുതിയ പാട്ടിനായി പാട്ടിഷ്ടക്കാര്‍ സിനിമയെ മാത്രം ആശ്രയിച്ചിരുന്ന കാലത്താണ് എം.ജി.രാധാകൃഷ്ണന്റെ സംഗീതമുള്ള ലളിതഗാനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കാന്‍ തുടങ്ങിയത്. ജനഹൃദയങ്ങളില്‍ മാത്രമല്ല കലോത്സവ വേദികളേയും കീഴടക്കി ആ ഈണങ്ങള്‍. സമ്മാനമുറപ്പിക്കാവുന്ന ഗീതങ്ങളായി അവ കലാവേദികളിലൊഴുകി. ഇന്നും ആ ഗാനങ്ങള്‍ക്കു കണ്ഠമൊരുക്കുന്ന മത്സരാര്‍ഥികള്‍ ഏറെയാണ്. ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍, ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ, ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു,അഷ്ടപദിലയം തുളളിത്തുളുമ്പും അമ്പലപ്പുഴയിലെ നാലമ്പലത്തില്‍,മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി തുടങ്ങിയവ ഇന്നും നമ്മുടെയെല്ലാം കാതോരമുണ്ട്…ആ ഗാനങ്ങളുടെ അതുല്യപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 11 വർഷം തികയുകയാണ്.

1940 ജൂലൈ 29-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം കരസ്ഥമാക്കി. പ്രശസ്തനായ പിന്നണിഗായകൻ യേശുദാസ് അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു. ജി അരവിന്ദന്റെ പ്രശസ്തമായ ‘തമ്പ്’ എന്ന ചലച്ചിത്രത്തിനാണ് എം ജി രാധാകൃഷ്ണൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്.

എം. ജി രാധാകൃഷ്ണൻ എന്ന അതുല്യപ്രതിഭയുടെ തുടക്കം

1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ, ദീർഘകാലം ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലി ചെയ്തു. നിരവധി പ്രഗൽഭന്മാരൊത്ത് ആകാശവാണിയിൽ ജോലി ചെയ്യുവാൻ സാധിച്ചത് രാധാകൃഷ്ണന്റെ ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിച്ചിരുന്നു. മികച്ച കവികളുടെ, പ്രധാനമായും കാവാലം നാരായണപ്പണിക്കരുടെ വരികളില്‍ നിന്ന് ആകാശവാണിക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ചെടുത്ത ലളിതഗാനങ്ങള്‍ ഒരു ശാഖയായി തന്നെ മലയാളത്തിൽ തഴച്ചു വളര്‍ന്നു. ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ജയദേവകവിയുടെ ഗീതികള്‍, ഘനശ്യാമസന്ധ്യാ ഹൃദയം, പ്രാണസഖി നിന്‍ മടിയില്‍ തുടങ്ങിയ ഗാനങ്ങള്‍ ആണ് ശ്രദ്ധേയമായതില്‍ ചിലത്. ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം വളരെ പ്രശസ്തം ആയി. വൈകാതെ തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ “ഉണ്ണീ ഗണപതിയെ” എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം.

ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ “അച്ഛനെയാണെനിക്കിഷ്ടം” എന്ന ചിത്രത്തിനും, 2006ല്‍ “അനന്തഭദ്രം” എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.

കെ.എസ് ചിത്ര, ജി.വേണുഗോപാൽ, കെ എസ് ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ പ്രഗത്ഭ ഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഗായകനായ എം ജി ശ്രീകുമാർ, കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

1975ൽ പത്മജയെ വിവാഹം കഴിച്ചു. രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ മകൻ രാജകൃഷ്ണൻ മലയാള സിനിമകളിൽ ഓഡിയോഗ്രാഫി, സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നു. 2010 ജൂലൈ 2-ന് ആണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ കരൾരോഗത്തെത്തുടർന്ന് എഴുപതാം വയസ്സിൽ ഗാനങ്ങളുടെ ചക്രവർത്തി നമ്മെ വിട്ടുപോയത്. ഇക്കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന്റെ പത്നിയും ഈ ലോകത്തോട് വിടപറഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles