Monday, May 6, 2024
spot_img

സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്താൻ ശ്രമിച്ചു, വ്യാജ രേഖ സൃഷ്ടിച്ചു; സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും പരാതി ഉയർന്നു. കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി. സിപിഐഎം നേതാവ് സി പി പ്രമോദാണ് സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ മൊഴികള്‍ക്കെതിരായി പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്താൻ സ്വപ്ന സുരേഷ് ശ്രമിക്കുന്നെന്ന് പരാതിയിൽ പറയുന്നു. പാലക്കാട് കസബ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്

സ്വപ്‌നയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇതിന് പിന്നാലെ കെപിസിസി ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതോടെ സംസ്ഥാനത്തുടനീളം പ്രതിഷേധവും കോണ്‍ഗ്രസ്-സിപിഐഎം ഏറ്റുമുട്ടലുമുണ്ടാകുകയാണ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടന്നു. കാസര്‍ഗോഡ് നീലേശ്വരത്ത് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. അടൂരിലും സമാന സംഭവമുണ്ടായി. മുല്ലപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചുതകര്‍ത്തു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

അതേസമയം മുൻ മന്ത്രി കെടി ജലീൽ നേരത്തെ സ്വപ്നയ്ക്ക് എതിരെ സമാനമായ പരാതി നൽകിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു കെടി ജലീൽ സ്വപ്നയ്ക്ക് എതിരെ ഗൂഢാലോചന നടത്തി സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന് പരാതിപ്പെട്ടത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇന്നത്തെ സംഭവങ്ങൾ ഉയർത്തിക്കാട്ടി കേസിൽ സ്വപ്നയ്ക്ക് എതിരെ ശക്തമായി മുന്നോട്ട് പോകാനായിരിക്കും പ്രോസിക്യൂഷൻ ശ്രമിക്കുക.

Related Articles

Latest Articles