Saturday, May 4, 2024
spot_img

തിരുവോണത്തെ വരവേല്‍ക്കാന്‍ മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിലിലേയ്ക്ക്

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു. എന്നാൽ ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പോലീസും ആരോ​ഗ്യവകുപ്പും. ഓണമൊരുക്കാനുള്ളതെല്ലാം വാങ്ങാനുള്ള ആളുകളുടെ ഓട്ടപ്പാച്ചിലിന്റെ ദിവസം കൂടിയാണ് ഇന്ന്. സദ്യവട്ടത്തിനുള്ളതു മാത്രമല്ല, ഓണത്തലേന്നു വാങ്ങേണ്ടത്. ഓണത്തിന് വീട്ടിലെ സാധനങ്ങളെല്ലാം പുതിയതു വാങ്ങുന്ന രീതി പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു. ഇന്നും പാത്രങ്ങളും ഫർണിച്ചറും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാങ്ങാൻ ഓണക്കാലം നോക്കിയിരിക്കുന്നവരാണു ഭൂരിഭാഗവും.

Onam 2021
Onam 2021

എന്നാൽ കോവിഡ് മഹാമാരിയിൽ ഇത്തവണ കരുതലോടെയാണ് ഉത്രാടപ്പാച്ചിൽ. വലിയ തിരക്കും കൂട്ടംകൂടലുകളുമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ട്. കടകളും സാമൂഹിക അകലം ഉറപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

ഉത്രാടപ്പാച്ചിൽ

കാലങ്ങളായി മലയാളിയുടെ ശീലമാണ് ഉത്രാടത്തിനുള്ള പരക്കംപാച്ചിൽ. തിരുവോണത്തലേന്ന് കടകളിൽ തിരക്ക് കൂട്ടുന്ന ആളുകളുടെ കാഴ്ച്ച എക്കാലും മലയാളിയുടെ ഉത്രാട ഓർമ്മകളിലെ തിളങ്ങുന്ന അധ്യായമാണ്. ഓണത്തിന്റെ അവസാനവട്ടം ഒരുക്കമാണ് ഉത്രാടത്തിനു നടത്തുന്നത്. ചിലരുടെ ഉത്രാടത്തിനു കമ്പോളത്തിലേക്ക് ഉള്ള യാത്ര തന്നെ ഉത്രാടപ്പാച്ചില്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണ്. തിരുവോണ സദ്യ, ഓണക്കോടി തുടങ്ങിയ പലതിനുമുള്ള അവസാനവട്ട ഷോപ്പിംഗാണ് ഉത്രാടത്തിലെ പ്രധാന ഇനം. മനസ് നിറഞ്ഞ ഷോപ്പിംഗ് കഴിയുമ്പോഴക്കും സാധാരണക്കാരുടെ കീശ കാലിയാക്കുന്നതും ഉത്രാടത്തിന്റെ പ്രത്യേകതയാണ്.

onam unlock
onam unlock

“കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴമക്കാരുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന ഓട്ടമാണ് ഉത്രാടപ്പാച്ചിലില്‍ മലയാളി നടത്തുന്നത്. എന്നാൽ ശരിക്കും എന്താണ് ഉത്രാടപ്പാച്ചില്‍? ഓണത്തിനായി സമയത്ത് മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാതെ അവസാന നിമിഷം ഓടിപ്പായുന്നതിന് പഴമക്കാര്‍ നല്‍കിയ പേരാണ് ഇത്. ഉത്രാടനാളില്‍ വിപണി രാത്രി വൈകുന്നത് വരെ സജീവമാണ്. സാമ്പത്തികം നോക്കുന്നതിനെക്കാൾ പ്രധാന്യം ഓണം ആഘോഷിക്കുന്നതിനു നല്‍കുന്നതാണ് കാലങ്ങളായി മലയാളിയുടെ ശീലം. പച്ചക്കറി കടകളിലും തുണിക്കടകളിലും നിറയെ ആളുകൾ. ജനബാഹുല്യം കണക്കിലെടുത്ത് സാധനങ്ങൾക്ക് പൊള്ളുന്ന വിലയുമായിരിക്കും. പക്ഷേ കെെരളിയുടെ മണ്ണില്‍ ഉത്രാടപ്പാച്ചിലില്‍ പഴയതിലും ശക്തമായി ഇന്നും തുടരുന്നു.

ആഘോഷങ്ങളൊന്നുമില്ലാത്ത ഉത്രാടം

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സർക്കാർ അം​ഗീകരിച്ചില്ല. കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകൾക്കത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്. മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles